‘ഒരൊറ്റയാൾ രാജ്യമാകെ തീപടർത്തി’; നൂപുർ ശർമയ്ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

HIGHLIGHTS
  • പ്രവാചകനെതിരായ പരാമർശങ്ങൾ വിടുവായത്തമെന്ന് കോടതി
  • പലയിടങ്ങളിലെ കേസുകൾ ഒന്നിച്ചുപരിഗണിക്കണമെന്ന ആവശ്യം തള്ളി
Nupur Sharma | (Photo - Twitter / ANI)
നുപുർ ശർമ (ഫയല്‍ ചിത്രം) (Photo - Twitter / ANI)
SHARE

ന്യൂഡൽഹി ∙ ടിവി ചർച്ചയ്ക്കിടെ പ്രവാചകനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ സുപ്രീം കോടതിയുടെ അതിരൂക്ഷ വിമർശനം. ‘‘ അവരുടെ വിടുവായത്തം രാജ്യമാകെ തീപടർത്തി. ഇപ്പോൾ നടക്കുന്നതിനെല്ലാം അവർ ഒറ്റയാളാണ് ഉത്തരവാദി’’ – ജഡ്ജിമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവർ ചൂണ്ടിക്കാട്ടി. പരാമർശങ്ങൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചു പരിഗണിക്കണമെന്ന നൂപുറിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വാക്കാലുള്ള വിമർശനം. അതേസമയം, ഇക്കാര്യങ്ങൾ ഉത്തരവിൽ രേഖപ്പെടുത്തിയില്ല.

നൂപുറിന്റെ പരാമർശങ്ങളെ പിന്തുണച്ചതിന്റെ പേരിൽ ഉദയ്പുരിൽ കനയ്യ ലാൽ എന്നയാൾ കൊല്ലപ്പെട്ടത് ഉൾപ്പെടെയുള്ള സംഭവങ്ങൾ സുപ്രീം കോടതി പരാമർശിച്ചു. എന്തിനായിരുന്നു ആ പരാമർശങ്ങൾ ? ഇത്തരമാളുകൾ മതവിശ്വാസികളല്ല. മറ്റു മതവിശ്വാസങ്ങളോട് അവർക്കു ബഹുമാനമില്ല. വിലകുറഞ്ഞ പബ്ലിസിറ്റി, രാഷ്ട്രീയ അജൻഡ, മറ്റു നീച താൽപര്യങ്ങൾ എന്നിവയാണ് ഇത്തരം പരാമർശങ്ങൾക്കു പിന്നിലെന്നും കോടതി കുറ്റപ്പെടുത്തി.

നൂപുർ ശർമ രേഖാമൂലം ക്ഷമാപണം നടത്തിയ കാര്യം അവരുടെ അഭിഭാഷകൻ മനീന്ദർ സിങ് ചൂണ്ടിക്കാട്ടിയപ്പോൾ കോടതി കൂടുതൽ ക്ഷോഭിച്ചു. ‘‘അതേ ചാനലിലൂടെ രാജ്യത്തോടു മാപ്പു പറയുകയാണു വേണ്ടിയിരുന്നത്. പറഞ്ഞതു പിൻവലിക്കാൻ അവർ വൈകി. ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ എന്ന ഉപാധിയോടെയായിരുന്നു ക്ഷമാപണം.’’ കീഴ്ക്കോടതികളെ മറികടന്ന് സുപ്രീം കോടതിയെ സമീപിച്ചതിലെ അതൃപ്തി ബെഞ്ച് വ്യക്തമാക്കിയതിങ്ങനെ – ‘‘അവരുടെ അഹങ്കാരം പ്രകടമാക്കുന്നതാണു ഹർജി. ഇന്ത്യയിലെ മജിസ്ട്രേട്ട് കോടതികൾ അവർക്കു ചെറുതാണ്.’’ ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു. ആവശ്യം കോടതി തള്ളിയ സാഹചര്യത്തിൽ നൂപുർ ശർമ ഹർജി പിൻവലിച്ചു.

ചാനലിനും വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ തങ്ങളുടെ അജൻഡ‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചാനലുകൾ ചർച്ചയാക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ടു ചൂടുപിടിച്ച ചർച്ചയായിരുന്നെന്നും നൂപുറിനെ പ്രകോപിപ്പിച്ചപ്പോഴാണ് ഈ പരാമർശങ്ങളുണ്ടായതെന്നും അഭിഭാഷകൻ വാദിച്ചു. ടിവി ചർച്ച ദുരുപയോഗം ചെയ്യപ്പെട്ടെങ്കിൽ ടിവി അവതാരകയ്ക്കെതിരെയാണ് അവർ പരാതിപ്പെടേണ്ടതെന്നു കോടതി പ്രതികരിച്ചു.

അറസ്റ്റ് ചെയ്യാത്തത് സ്വാധീനത്തിന് തെളിവ്

‘എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടും അറസ്റ്റ് ചെയ്യപ്പെടാത്തതിൽനിന്നു തന്നെ അവരുടെ സ്വാധീനം വ്യക്തം. ശക്തമായ പിൻബലമുള്ളതിനാൽ ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങൾ നടത്താമെന്നാണ് അവർ കരുതുന്നത്.’ – സുപ്രീം കോടതി

English Summary: Suspended BJP Leader Nupur Sharma Should "Apologise to Country": Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS