ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച. 2 ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിക്കുന്ന നാളെയാണു സ്പീക്കർ തിരഞ്ഞെടുപ്പ്. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തുടരുന്ന ശിവസേനാ വിമത എംഎൽഎമാരെ ഇന്നു മുംബൈയിലെത്തിച്ചേക്കും. കഴിഞ്ഞ മാസം 20ന് മഹാരാഷ്ട്രയിൽ നിന്ന് ‘മുങ്ങിയ’ വിമതരുടെ മനസ്സു മാറുമോയെന്ന ആശങ്കയാണ് സർക്കാർ രൂപീകരിച്ചിട്ടും ഇവരെ ഗോവയിൽ താമസിപ്പിക്കുന്നതിന്റെ കാരണം.

അതിനിടെ, ഷിൻഡെയടക്കം 16 വിമതർ സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ശിവസേന നൽകിയ ഹർജി സുപ്രീം കോടതി ഇന്നലെ അടിയന്തരമായി പരിഗണിച്ചില്ല. അയോഗ്യതാ വിഷയത്തിൽ നിലവിലുള്ള കേസ് 11ന് പരിഗണിക്കുന്നതിനൊപ്പം ഇതും പരിശോധിക്കാമെന്ന് അറിയിച്ചത് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെക്കു തിരിച്ചടിയായി. ഇന്നു തുടങ്ങാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനം ബിജെപി ദേശീയ നിർവാഹകസമിതി യോഗം കാരണമാണ് ഒരു ദിവസം മാറ്റിയതെന്ന് കോൺഗ്രസ് ആരോപിച്ചു. സ്പീക്കർ പദവിയിലേക്ക് ബിജെപി നേതാവ് രാഹുൽ നർവേക്കർ പത്രിക സമർപ്പിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായതോടെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നാനാ പഠോളെ രാജിവച്ച ശേഷം എൻസിപി നേതാവായ ഡപ്യുട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്.

ആഘോഷത്തിന് എത്താതെ ഫഡ്നാവിസ്

ഭരണം തിരിച്ചുപിടിച്ചത് ആഘോഷിക്കാൻ ബിജെപി മഹാരാഷ്ട്ര ഘടകം സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖനേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പങ്കെടുത്തില്ല. ഉദ്ധവ് സർക്കാരിനെ വീഴ്ത്താൻ കരുനീക്കിയ ഫഡ്നാവിസിനെ ഷിൻഡെക്കു കീഴിൽ ഉപമുഖ്യമന്ത്രിയാക്കിയ കേന്ദ്രനേതൃത്വത്തിന്റെ നടപടി സംസ്ഥാന ഘടകത്തിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ദേശീയ നിർവാഹക സമിതിയിലും ഫഡ്നാവിസ് പങ്കെടുക്കില്ല. മന്ത്രിസഭാ വികസനത്തിന്റെ തിരക്കാണെന്നാണു വിശദീകരണം.

അതിനിടെ, എൻസിപി നേതാവ് ധനഞ്ജയ് മുണ്ടെ ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹം പരത്തി. മറുവശത്ത്, തന്നെ മുഖ്യമന്ത്രിയാക്കിയത് ഫഡ്നാവിസിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’ ആണെന്നു മുഖ്യമന്ത്രി ഷിൻഡെ അഭിപ്രായപ്പെട്ടു. ശിവസേന വിട്ട് മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ച രാജ് താക്കറെയുമായി ഷിൻഡെ ഫോണിൽ ചർച്ച നടത്തി.

∙ ‘ഏക്നാഥ് ഷിൻഡെ ശിവസേനാ മുഖ്യമന്ത്രിയല്ല. മുഖ്യമന്ത്രിപദം രണ്ടരവർഷം വീതം പങ്കിടാമെന്ന ധാരണ ബിജെപി അംഗീകരിക്കാത്തതു കൊണ്ടാണു 2019ൽ സഖ്യം വിട്ടതും കോൺഗ്രസും എൻസിപിയുമായി ശിവസേന കൈകോർത്തതും. അന്ന് അവർ വഴങ്ങിയെങ്കിൽ ഇപ്പോൾ മഹാരാഷ്ട്രയിൽ ബിജെപി മുഖ്യമന്ത്രി വന്നേനേ. ഞാൻ റദ്ദാക്കിയ മുംബൈ ആരേ കോളനി വനമേഖലയിലെ മെട്രോ കാർഷെഡ് പദ്ധതി നടപ്പാക്കാനുള്ള ഷിൻഡെയുടെ തീരുമാനം തെറ്റാണ്. എന്നെ എതിർത്തോളൂ, എന്നാൽ പരിസ്ഥിതിയോടു കരുണ കാട്ടണം.’ – ഉദ്ധവ് താക്കറെ, മുൻ മുഖ്യമന്ത്രി

English Summary: Eknath Shinde government in maharashtra to prove majority on monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com