ശിവസേനയുടെ അവകാശി ആര് ?; ഷിൻഡെ– ഉദ്ധവ് പോര് തുടരും

HIGHLIGHTS
  • ചിഹ്നവും ആസ്ഥാനമന്ദിരവുമടക്കം നോട്ടമിട്ട് ഏക്നാഥ് ഷിൻഡെ
  • ഫഡ്നാവിസ് ക്യാംപിലെ നിരാശ ഷിൻഡെ സർക്കാരിനു സമ്മർദം
uddhav-thackeray-eknath-shinde
ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിൻഡെ
SHARE

മുംബൈ ∙ ഏതാണു യഥാർഥ ശിവസേന? അടുത്ത അങ്കത്തിന്റെ കേന്ദ്രബിന്ദു ഈ ചോദ്യമാണ്. ശിവസേനയെന്ന പേരും ചിഹ്നമായ അമ്പും വില്ലും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇരുപക്ഷവും തുടങ്ങിക്കഴിഞ്ഞു.

പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാർ മറുകണ്ടം ചാടുകയും ബിജെപിയുമായി കൈകോർത്തു സർക്കാരുണ്ടാക്കുകയും ചെയ്തതോടെയാണു യഥാർഥ ശിവസേന ഏതെന്ന ചോദ്യം ഉയർന്നുവന്നത്. 55ൽ 39 എംഎൽഎമാർ ഒപ്പമുള്ള ഷിൻഡെ പക്ഷം തങ്ങളാണ് യഥാർഥ പാർട്ടിയെന്ന് അവകാശപ്പെടുന്നു. പാർട്ടി ചിഹ്നം കൈമോശം വരാതിരിക്കാനുള്ള സാധ്യതകൾ തേടുകയാണു പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ മകനും നിലവിൽ ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ചിഹ്നപ്പോര് വൈകാതെ തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലെത്തും.

ദാദർ ശിവാജി പാർക്കിലെ കണ്ണായ സ്ഥലത്തുള്ള ശിവസേനാ ആസ്ഥാനം തങ്ങളുടേതാക്കാനും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആഗ്രഹിക്കും. ചെറിയ മേഖലകൾ കേന്ദ്രീകരിച്ചുള്ള ശിവസേനാ ശാഖകളാണു പ്രാദേശികതലത്തിലുള്ളത്. അവയ്ക്കു വലിയ ഓഫിസുകളില്ലെങ്കിലും താഴെത്തട്ടിലെ സ്വത്തുക്കളും ഷിൻഡെ പക്ഷം നോട്ടമിടാതിരിക്കില്ല.

മറുവശത്തു സർക്കാരിലും ഭരണമുന്നണിയിലും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ‘മുകളിൽ’ ആയതിന്റെ സമ്മർദവും ഷിൻഡെയുടെ ചുമലിലുണ്ട്. 2019ൽ ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ മന്ത്രിയായിരുന്ന ഷിൻഡെയ്ക്കു കീഴിൽ പ്രവർത്തിക്കേണ്ട സാഹചര്യം ഫഡ്നാവിസ് ക്യാംപിലാകെ നിരാശ പടർത്തിയിട്ടുമുണ്ട്.

ശിവസേനയിൽ നിന്നു കൂറുമാറി വന്ന ഷിൻഡെയെക്കാൾ ബിജെപി മന്ത്രിമാരും നേതാക്കളും ഫഡ്നാവിസിന് വിലകൽപിക്കാനുള്ള സാധ്യതയും മുഖ്യമന്ത്രിയും ഉപമുഖ്യന്ത്രിയും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായേക്കാം.

English Summary: Eknath Shinde - Uddhav Thackeray fight over Shiv Sena

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.