വേണ്ടത് വികസനത്തിന്റെ രാഷ്ട്രീയം: ബിജെപി

PTI07_03_2022_000183B
ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.
SHARE

ഹൈദരാബാദ് ∙ പ്രാദേശിക വാദവും സ്വജനപക്ഷപാതവും അഴിമതിയും ഇല്ലാതാക്കി എല്ലാവർക്കും വികസനം നൽകാൻ ബിജെപിക്കു കഴിയുമെന്നു ജനങ്ങൾക്കു ബോധ്യപ്പെട്ടെന്നും വികസന രാഷ്ട്രീയത്തിനാണ് ഇനി സ്ഥാനമെന്നും ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം.

പ്രതിപക്ഷം ചിതറിപ്പോയിരിക്കുന്നു. കോൺഗ്രസിന്റെ ഉള്ളിൽനിന്നു ജനാധിപത്യത്തിനു വേണ്ടിയുള്ള ആവശ്യമുയർന്നെങ്കിലും അതു പരിഗണിക്കപ്പെടുന്നില്ല. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയതു ചരിത്രപരമായ വിധിയാണെന്നു പ്രമേയം ചൂണ്ടിക്കാട്ടി. ലോകം മോദിയെ പ്രതീക്ഷയോടെ നോക്കുകയാണ്. ആരോഗ്യം, ദാരിദ്ര്യ നിർമാർജനം എന്നിവയിൽ ഇന്ത്യ മുന്നേറി. എല്ലാ വിഷയങ്ങളിലും ഇന്ത്യയുടെ അഭിപ്രായത്തിനായി ലോകം ഉറ്റു നോക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ കോൺഗ്രസ് സർക്കാരുകളടക്കം ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കും. സ്വാതന്ത്ര്യ സമര സേനാനികളെയും ആദരിക്കും.

ഭരണത്തിന്റെ തുടക്കത്തിൽ ദലിത് വിഭാഗത്തിൽ നിന്നൊരാളെ രാഷ്ട്രപതിയായി നിർദേശിച്ച മോദി ഇപ്പോൾ ആദിവാസി വനിതയെ നിയോഗിച്ച് ചരിത്രം കുറിക്കുന്നു. ദ്രൗപദി മുർമുവിന്റെ ജീവിതം മാതൃകയാക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

ഹിമന്ത് ബിശ്വ ശർമയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പ്രമേയത്തെ അനുകൂലിച്ചു. 350ലേറെ പ്രതിനിധികൾ പങ്കെടുത്ത ദേശീയ എക്സിക്യൂട്ടീവ് സമാപിച്ചു.

കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ്  എ.പി.അബ്ദുല്ലക്കുട്ടി, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശ്, ദേശീയ വക്താവ് ടോം വടക്കൻ എന്നിവർ പങ്കെടുത്തു.

പാർട്ടികളുടെ തകർച്ചയിൽനിന്ന് പാഠം ഉൾക്കൊള്ളണം: മോദി

ഹൈദരാബാദ് ∙ രാജ്യം വർഷങ്ങളോളം ഭരിച്ച പാർട്ടികൾ നിലനിൽപിനു വേണ്ടി പോരാടുമ്പോൾ പരിഹസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദേശീയ എക്സിക്യൂട്ടീവിന്റെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീർണിക്കുന്ന പാർട്ടികളുടെ തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് അവ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കേരളം, ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിലെ ബിജെപി പ്രവർത്തകരെ ബഹുമാനിക്കണം. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് അവർ നേരിടുന്നത്. നേട്ടങ്ങൾ ഇല്ലാതിരുന്നിട്ടും ആശയങ്ങൾക്കായി അവർ നിലകൊള്ളുന്നു. ജനാധിപത്യപരമായ ചെറുത്തുനിൽപു നടത്തുന്നു.

ഹൈദരാബാദിനെ ‘ഭാഗ്യനഗർ’ എന്നാണ് മോദി വിളിച്ചത്. പാർട്ടി അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് അതാക്കി മാറ്റുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ വർഷം മുനിസിപ്പൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ മോദിയുടെ പരാമർശം ശ്രദ്ധേയമായി.

ഇവിടെയാണു സർദാർ വല്ലഭ് ഭായ് പട്ടേൽ ഏക ഭാരതത്തിനുള്ള അടിത്തറയിട്ടതെന്നു മോദി പറഞ്ഞു. അതേ നഗരത്തിൽ ബിജെപിയുടെ നേതാക്കൾ ഒത്തു ചേർന്നത് ഏക ഭാരതത്തെ ശ്രേഷ്ഠഭാരതമാക്കാനാണ്.

തെലങ്കാനയിൽ മാറ്റത്തിന്റെ കാശു വീശിത്തുടങ്ങിയതായി പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ മോദി പറഞ്ഞു. തെലങ്കാനയു‌ടെ ഉന്നമനത്തിനുള്ള കേന്ദ്രസർക്കാർ പദ്ധതികൾ മോദി വിശദീകരിച്ചു. കുടുംബാധിപത്യത്തിലുള്ള പാർട്ടികൾക്ക് ജനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് ടിആർഎസ് സർക്കാരിനെ വിമർശിച്ചു.

English Summary: BJP executive meet Hyderabad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS