ADVERTISEMENT

ഹൈദരാബാദ് ∙ ബിജെപിയും തെലങ്കാന ഭരിക്കുന്ന ടിആർഎസും തമ്മിൽ 2 ദിവസമായി നടന്ന പോസ്റ്റർ പോരിനൊടുവിൽ ഇരു പാർട്ടികൾക്കും ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ ലക്ഷങ്ങൾ പിഴ ചുമത്തി. ദേശീയ എക്സിക്യൂട്ടീവിനോടനുബന്ധിച്ചു ബിജെപി നഗരം മുഴുവൻ കാവി ഹോർഡിങ്ങുകളും പോസ്റ്ററുകളും കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു. ടിആർഎസ് അതിനു പകരമായി കേന്ദ്രസർക്കാരിനെ പരിഹസിച്ചും ടിആർഎസ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചും ഹോർഡിങ്ങുകളും കട്ടൗട്ടുകളും നിറച്ചു. സമ്മേളനം കഴിയുന്ന ദിവസം കോർപറേഷൻ ബിജെപിക്ക് 20 ലക്ഷം രൂപയും ടിആർഎസിന് 3 ലക്ഷം രൂപയും പിഴയിട്ടു. ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കൂടുതൽ പിഴ ചുമത്തുമെന്നും മുന്നറിയിപ്പു നൽകി. ഇന്നലെ ഹൈദരാബാദിൽ ഇറങ്ങിയ എല്ലാ പത്രങ്ങളിലും ഒന്നാം പേജ് മുഴുവൻ പരസ്യം നൽകിയാണു ടിആർഎസ് ബിജെപി ദേശീയ എക്സിക്യൂട്ടീവ് വാർത്തയുടെ പ്രാധാന്യം കുറയ്ക്കാൻ ശ്രമിച്ചത്. മോദി നഗരത്തിലെത്തുന്നതിനു മുൻപ് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കു വൻ സ്വീകരണമൊരുക്കി റോഡ് ഷോ നടത്തുകയും ചെയ്തു.

ഇന്നലെ പരേഡ് ഗ്രൗണ്ടിൽ ബിജെപിയുടെ പൊതുസമ്മേളനം നടക്കുന്ന സ്ഥലത്തേക്കു ടിആർഎസ് യുവജന സംഘടന പ്രകടനം നടത്താനൊരുങ്ങിയെങ്കിലും പൊലീസ് തടഞ്ഞു.

കഴിഞ്ഞ ദിവസം പാർട്ടിയുടെ എക്സിക്യൂട്ടീവ് യോഗം നടക്കുന്ന മുറിയിൽ അതിക്രമിച്ചു കയറിയ ചിലർ രേഖകളുടെ ഫോട്ടോ എടുത്തതായി ബിജെപി പരാതിപ്പെട്ടിട്ടുണ്ട്. ഇവർ രഹസ്യ പൊലീസുകാരായിരുന്നു എന്നാണ് ആരോപണം. തെലങ്കാനയിലെ സർക്കാർ പേടിച്ചു വിറച്ചതിന്റെ സൂചനയാണിതെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പരിഹസിച്ചു.

ദേശീയ എക്സിക്യൂട്ടീവിൽ തെലങ്കാനയുടെ ദൗർഭാഗ്യകരമായ സ്ഥിതി അവസാനിപ്പിക്കാൻ പ്രത്യേക പ്രമേയം പാസാക്കുകയും ചെയ്തു. തെലങ്കാനയുടെ കാബിനറ്റ് നടക്കുന്നതു മുഖ്യമന്ത്രിയുടെ വീട്ടിലെ ഭക്ഷണമേശയ്ക്കു ചുറ്റുമാണെന്നും മന്ത്രിമാർ നോക്കുകുത്തികളാണെന്നും ബിജെപി നേതാക്കളായ ബണ്ടി സഞ്ജയും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയും പരിഹസിച്ചു.

 

English Summary: GHMC levies fine on BJP, TRS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com