മുംബൈ ∙ മഹാരാഷ്ട്ര സ്പീക്കർ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനാ വിമതപക്ഷത്തിന്റെ പിന്തുണയോടെ ബിജെപി സ്ഥാനാർഥിക്കു മികച്ച വിജയം. ഭരണപക്ഷ സ്ഥാനാർഥി രാഹുൽ നർവേക്കർക്ക് 164 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസ്–എൻസിപി–ശിവസേന സംയുക്ത സ്ഥാനാർഥി രാജൻ സാൽവിക്ക് 107 വോട്ട് മാത്രമാണ് ലഭിച്ചത്. ഇതോടെ, ഷിൻഡെ–ബിജെപി പക്ഷത്തിന് ഇന്ന് ആത്മവിശ്വാസത്തോടെ വിശ്വാസവോട്ട് തേടാം.
രണ്ടാഴ്ചയോളം നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ സംഘർഷമില്ലാതെയായിരുന്നു സ്പീക്കർ തിരഞ്ഞെടുപ്പ്.
സമ്മേളനം തുടങ്ങുന്നതിനു മുൻപ് സേന നിയമസഭാ കക്ഷി ഓഫിസ് ഷിൻഡെ പക്ഷം മുദ്രവച്ചത് ഉദ്ധവ് പക്ഷത്തെ എംഎൽഎമാരുടെ എതിർപ്പിനു കാരണമായെങ്കിലും സഭാനടപടികളെ ബാധിച്ചില്ല.
ശിവസേനാ വിമത പക്ഷത്തേക്കു മാറിയ എംഎൽഎമാർ വോട്ട് ചെയ്യവെ പ്രതിപക്ഷ എംഎൽഎമാർ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) എന്ന് മുദ്രാവാക്യം വിളിച്ചു പരിഹസിച്ചു.
രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്പീക്കറാണ് രാഹുൽ നർവേക്കറെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
288 അംഗ സഭയിൽ 12 എംഎൽഎമാർ വിവിധ കാരണങ്ങളാൽ എത്തിയില്ല. എൻസിപിയുടെ നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നിവർ കള്ളപ്പണക്കേസിൽ ജയിലിലാണ്. സിപിഎമ്മിന്റെ ഏക അംഗം ശിവസേന ഔദ്യോഗിക പക്ഷത്തിനാണ് വോട്ട് ചെയ്തത്.
English Summary: Maharashtra government vote of confidence