ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇന്നു വിവാഹിതനാകും. ഡോ. ഗുർപ്രീത് കൗർ ആണ് വധു. ചണ്ഡിഗഡിലെ വസതിയിൽ നടക്കുന്ന ചടങ്ങിൽ വധൂവരന്മാരുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കൾക്കും മാത്രമേ പ്രവേശനമുള്ളൂ. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും പങ്കെടുക്കും. 

മാനിന്റെ രണ്ടാം വിവാഹമാണിത്. ആദ്യഭാര്യ ഇന്ദർപ്രീത് കൗറും 2 മക്കളും യുഎസിൽ സ്ഥിരതാമസമാണ്. ഹാസ്യതാരമായിരുന്ന ഭഗവന്ത് മാൻ 2014 ൽ ആണ് ആദ്യമായി ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്. അന്ന് ഭാര്യ ഇന്ദർപ്രീതും പ്രചാരണത്തിനിറങ്ങിയിരുന്നു. ഇരുവരും വിവാഹമോചിതരായിട്ട് 6 വർഷമായി. മാർച്ചിൽ മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെടുമ്പോൾ മക്കൾ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കാനെത്തി. ഡോ.ഗുർപ്രീതിന്റെയും ഭഗവന്ത് മാനിന്റെയും കുടുംബങ്ങൾ തമ്മിൽ ദീർഘനാളായി സൗഹൃദമുണ്ട്. 

പദവിയിലിരിക്കെ വിവാഹിതനാകുന്ന നാലാമത്തെ മുഖ്യമന്ത്രി

പദവിയിലിരിക്കെ വിവാഹിതനാകുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് ഭഗവന്ത് മാൻ. ഹിമാചൽപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി യശ്വന്ത് സിങ് പാർമർ 1974 ൽ പദവിയിലിരിക്കെയാണ് കോൺഗ്രസ് പ്രവർത്തക സത്യവതി ഡാംഗിനെ വിവാഹം ചെയ്തത്. 1985 ൽ ഹിമാചൽ മുഖ്യമന്ത്രിയായിരിക്കെയാണ് വീരഭദ്ര സിങ് പ്രതിഭയെ രഹസ്യമായി വിവാഹം ചെയ്തത്. വീരഭദ്ര സിങ്ങിന്റെ രണ്ടാം വിവാഹം. നാട്ടുരാജ്യമായിരുന്ന ക്യോന്താളിലെ രാജകുമാരിയായിരുന്നു പ്രതിഭ. അവർ ഇപ്പോൾ കോൺഗ്രസിന്റെ ലോക്‌സഭാംഗമാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരിലൊരാളായ പ്രഫുല്ലകുമാർ മഹന്ത 1988 ൽ അസം മുഖ്യമന്ത്രിയായിരിക്കെയാണ് കോളജ് പ്രഫസറായ ജയശ്രീ ഗോസ്വാമിയെ വിവാഹം ചെയ്തത്. 

English Summary: Bhagwant Mann, Punjab CM, to tie the knot for the second time tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com