ADVERTISEMENT

കൊൽക്കത്ത ∙ കാളി ദേവിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരേ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ബംഗാളിലും വിവിധ പൊലീസ് സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകർ എംപിക്കെതിരേ പരാതി നൽകിയിട്ടുണ്ട്. മഹുവയുടെ മണ്ഡലമായ കൃഷ്ണനഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കേസ് റജിസ്റ്റർ ചെയ്തു. മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവിയായി വ്യക്തികൾക്ക് കാളിയെ കാണാമെന്നായിരുന്നു മഹുവയുടെ പരാമർശം. 

ഇതിനിടെ, തന്റെ പരാമർശത്തെ തൃണമൂൽ കോൺഗ്രസ് തള്ളിപ്പറഞ്ഞതിനു തൊട്ടുപിന്നാലെ ട്വിറ്ററിൽ പാർട്ടിയെ ‘അൺഫോളോ’ ചെയ്ത് മഹുവയും അനിഷ്ടം പ്രകടമാക്കി. തമിഴ്നാട്ടിൽ നിന്നുള്ള സംവിധായിക ലീന മണിമേഖലയുടെ കാളി ഡോക്യുമെന്ററിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടായിരുന്നു മഹുവയുടെ പ്രതികരണം. കാളി ഭക്തയാണ് താനെന്നും ഏതൊരാൾക്കും ദൈവത്തെ വ്യക്തിപരമായ രീതിയിൽ നോക്കിക്കാണാമെന്നും മഹുവ പ്രതികരിച്ചു.

മഹുവ നടത്തിയത് വ്യക്തിപരമായ പരാമർശമാണെന്നും പാർട്ടിക്ക് അതിൽ പങ്കില്ലെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു. മഹുവയെ പരാമർശത്തെ പാർട്ടി വിമർശിക്കുന്നതായും പറഞ്ഞു. എന്നാൽ, മഹുവയ്ക്ക് പിന്തുണമായുമായി ശശി തരൂർ എംപി എത്തി. മതത്തെക്കുറിച്ച് ആർക്കും ഒന്നും പറയാൻ പറ്റാത്ത സാഹചര്യത്തിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞതായി തരൂർ പറഞ്ഞു. ആരെയും വ്രണപ്പെടുത്താൻ മഹുവ ശ്രമിച്ചിട്ടില്ലെന്നു വ്യക്തമാണ്. മത കാര്യങ്ങൾ വ്യക്തികൾക്ക് സ്വകാര്യമായി അനുഷ്ഠിക്കാൻ വിട്ടുകൊടുക്കണമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു ആരാധനാരീതികൾക്കു വ്യത്യാസമുണ്ടെന്നും തരൂർ പറഞ്ഞു.

ബിജെപിയുടെ ഗുണ്ടകളെയും പൊലീസിനെയും പേടിക്കുന്നില്ലെന്ന് മഹുവ പറഞ്ഞു. ‘നിങ്ങളുടെ വിവരക്കേടും  ട്രോളുകളും എനിക്ക് പേടിയില്ല. ഞാൻ ഹിന്ദുവാണ്, കാളി ഭക്തയാണ്’– മഹുവ പ്രതികരിച്ചു. ഭൂട്ടാനിലോ സിക്കിമിലോ പോയാൽ പൂജാ സമയത്ത് ദൈവത്തിന് മദ്യം നൽകുന്നത് കാണാം. നിങ്ങൾക്ക് ദൈവത്തെ സസ്യാഹാരിയായും വെള്ളവസ്ത്രം ധരിക്കുന്നവരായും കാണാനുള്ള സ്വാതന്ത്ര്യം പോലെ എനിക്ക് ദൈവത്തെ മാംസം കഴിക്കുന്നവരായി കാണാൻ സ്വാതന്ത്ര്യമുണ്ടെന്നും മഹുവ പറഞ്ഞു.

English Summary: Trinamool's Mahua Moitra Faces Case Over 'Kali' Remark, Says "Bring It On"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com