ഫാ. സ്റ്റാൻ സ്വാമിയുടെ മരണം; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം
Mail This Article
ന്യൂയോർക്ക് ∙ മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി ഇന്ത്യയിലെ ജയിലിൽ മരിച്ച സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയം യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. കലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം ജുവാൻ വർഗസ് ആണ് പ്രമേയം അവതരിപ്പിച്ചത്. ജസ്വിറ്റ് പുരോഹിതനായ ഫാ. സ്റ്റാൻ സ്വാമി (84) കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ വർഷം ജൂലൈ 5നാണ് മരിച്ചത്.
3 പതിറ്റാണ്ടോളം ജാർഖണ്ഡിലെ ഗോത്രവർഗക്കാരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമ പ്രകാരം നവി മുംബൈയിലെ ജയിലിൽ പാർപ്പിച്ചിരുന്ന അദ്ദേഹത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിച്ചതായി ആരോപണമുയർന്നിരുന്നു.
ഫാ. സ്വാമിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇതേ കേസിൽ ജയിലിൽ കഴിയുന്ന 11 മനുഷ്യാവകാശ പ്രവർത്തകർ നിരാഹാരം അനുഷ്ഠിച്ചു. കൊൽക്കത്തയിൽ ആദിവാസികളടക്കം നൂറുകണക്കിന് ആളുകൾ മെഴുകുതിരി തെളിയിച്ചു.
English Summary: Resolution Introduced in US Congress to Demand Probe Into Stan Swamy’s Death