ADVERTISEMENT

ന്യൂഡൽഹി ∙ ലീന മണിമേഖല സംവിധാനം ചെയ്ത കാളി ഡോക്യുമെന്ററിയുടെ വിവാദ പോസ്റ്റർ ട്വിറ്റർ നീക്കം ചെയ്തു. ദേവി വേഷധാരിയായ ആൾ പുകവലിക്കുന്നതും എൽജിബിടിക്യുഐ പതാക പിടിച്ചിരിക്കുന്നതുമായുള്ള പോസ്റ്റർ വിവാദമായതിനു പിന്നാലെ കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചാണു ട്വീറ്റും പോസ്റ്ററും നീക്കം ചെയ്തത്. ഐടി ചട്ടം അനുസരിച്ചു നൽകിയ ഉത്തരവുകൾ പാലിക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരിന്റെ അന്ത്യശാസനത്തിനെതിരെ ട്വിറ്റർ കർണാടക ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണു കേന്ദ്രനിർദേശം അനുസരിച്ചുള്ള നടപടി.

അതേസമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അഗാ ഖാൻ മ്യൂസിയം അധികൃതർ വിവാദമായ ഡോക്യുമെന്ററി പ്രദർശിപ്പിക്കില്ലെന്നു വ്യക്തമാക്കി. കാനഡയിലെ ടൊറന്റോയിലുള്ള അഗാ ഖാൻ മ്യൂസിയത്തിന്റെ ‘അണ്ടർ ദ് ടെന്റ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ വേണ്ടിയാണു കാളി തയാറാക്കിയിരുന്നത്. 18 ഹ്രസ്വ വീഡിയോ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പ്രദർശനം ക്രമീകരിച്ചിരുന്നത്. ടൊറന്റോ മെട്രൊപ്പൊലിറ്റൻ യൂണിവേഴ്സിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ സൃഷ്ടികളാണു കാനഡയിലെ വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരവും മറ്റും പ്രതിഫലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രദർശിപ്പിക്കാൻ പദ്ധതിയിട്ടിരുന്നത്. യൂണിവേഴ്സിറ്റിയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ചിത്രത്തിന്റെ സ്ക്രീനിങ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, ലീന മണിമേഖലയുടെ തലവെട്ടുമെന്ന ഭീഷണയുമായി മതപ്രഭാഷകനായ രാജുദാസ് മകാന്ത് രംഗത്തെത്തി. അയോധ്യയിലെ ഹനുമാൻ ക്ഷേത്രത്തിൽ നടന്ന പ്രഭാഷണത്തിലായിരുന്നു വധഭീഷണി. ദൈവത്തെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി പൊലീസും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary: Twitter removes controversial poster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com