ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌്‌വിയും ഉരുക്കു മന്ത്രി ആർസിപി സിങ്ങും കേന്ദ്രമന്ത്രിസഭയിൽ നിന്നു രാജിവച്ചു. രാജ്യസഭാംഗങ്ങളായ ഇരുവരുടെയും കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് രാജി. നഖ്‌വിയുടെ വകുപ്പുകൾ സ്മൃതി ഇറാനിക്കും ആർസിപി സിങ്ങിന്റെ വകുപ്പുകൾ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കൈമാറി.

നഖ്‌വിക്ക് ബിജെപിയും ആർസിപി സിങ്ങിന് അദ്ദേഹത്തിന്റെ പാർട്ടിയായ ജെഡി (യു)വും രാജ്യസഭാ സീറ്റ് നൽകിയിരുന്നില്ല. രാജ്യസഭയിലെ ബിജെപിയുടെ ഉപനേതാവ് കൂടിയായ നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കോ ഗവർണർ സ്ഥാനത്തേക്കോ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞ ഉടൻ അദ്ദേഹം ബിജെപി ആസ്ഥാനത്തെത്തി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ കണ്ടിരുന്നു. 

ജെഡി(യു) നേതാവ് നിതീഷ് കുമാറുമായി അസ്വാരസ്യങ്ങളുള്ള നേതാവാണ് ആർസിപി സിങ്. അദ്ദേഹം വൈകാതെ ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങളും ശക്തമാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ബിജെപി ദേശീയ നിർവാഹക സമിതിയുടെ വേദിയിൽ വച്ച് സിങ് ബിജെപിയിൽ ചേർന്നുവെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും നേതൃത്വം നിഷേധിക്കുകയായിരുന്നു. സിങ് സ്ഥാനമൊഴിഞ്ഞതോടെ ജെഡി(യു)വിനും മന്ത്രിയില്ലാതായി. 

നഖ്‌വി കൂടി സ്ഥാനമൊഴിഞ്ഞതോടെ പാർലമെന്റിൽ ഇനി ബിജെപിക്ക് മുസ്‌ലിം എംപി ഇല്ല. ഇരുസഭകളിലുമായി 395 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകൾ ഒഴിവു വന്നെങ്കിലും ബിജെപി ഒരിടത്തും മുസ്‌ലിം സ്ഥാനാർഥികളെ നിർത്തിയില്ല. നഖ്‌വി 3 തവണ രാജ്യസഭാംഗമായിരുന്നു. ഒരു തവണ ലോക്സഭാംഗവുമായി. ഇതിനു മുൻപ് നജ്മ ഹെപ്തുല്ല, ഷാനവാസ് ഹുസൈൻ എന്നിവർ രാജ്യസഭയിലും ലോക്സഭയിലും അംഗങ്ങളായിരുന്നു. ഷാനവാസ് ഹുസൈൻ ഇപ്പോൾ ബിഹാറിൽ മന്ത്രിയാണ്. 

English Summary: Minister MA Naqvi Resigns, Triggers Buzz Ahead of Vice President Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com