ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ബംഗാളിലും ജാർഖണ്ഡിലും പ്രചാരണത്തിനു പോകില്ല. ബിജെപി സ്ഥാനാർഥിയും ഗോത്രവിഭാഗക്കാരിയുമായ ദ്രൗപദി മുർമുവിനെ എതിർത്താൽ ബംഗാളിൽ തങ്ങളെ പിന്തുണയ്ക്കുന്ന ആദിവാസി വിഭാഗം പിണങ്ങുമോ എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആശങ്ക. അതിനാൽ മുഖ്യമന്ത്രി മമത ബാനർജി തന്നെ സിൻഹയോട് ബംഗാളിലേക്കു വരേണ്ടതില്ലെന്നു പറഞ്ഞുവെന്നാണ് സംസാരം. 

ജാർഖണ്ഡിൽ യുപിഎ ഘടകകക്ഷിയായ ജെഎംഎമ്മും നാട്ടുകാരിയായ ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണോ എന്ന ചിന്തയിലാണ്. ഇരു സംസ്ഥാനങ്ങളിലെയും ആശയക്കുഴപ്പം പരിഗണിച്ചാണ് രണ്ടിടത്തേക്കും പോകുന്നില്ലെന്ന് സിൻഹ തീരുമാനിച്ചത്. ഇന്നലെ യുപിയിൽ പര്യടനം നടത്തിയ അദ്ദേഹം ഇന്ന് ഗുജറാത്തിലെത്തും. ജമ്മു കശ്മീരിൽ നിയമസഭ ഇല്ലെങ്കിലും അവിടത്തെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അവിടെയും പോകുന്നുണ്ട്. 

പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായി സിൻഹയെ മുന്നോട്ടു വച്ചത് മമത തന്നെയാണ്. പിന്നാലെയാണ് ദ്രൗപദിയുടെ സ്ഥാനാർഥിത്വം ബിജെപി പ്രഖ്യാപിച്ചത്. ബംഗാളിൽ ജംഗൽമഹൽ, പുരുലിയ, വടക്കൻ ബംഗാൾ എന്നിവിടങ്ങളിൽ ദ്രൗപദിയുടെ ഗോത്രമായ സാന്താൾ വിഭാഗക്കാരാണ് 80 ശതമാനവും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച ഈ വിഭാഗം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനൊപ്പമായിരുന്നു. സിൻഹയുടെ വരവ് ഇവരുടെ പിന്തുണ നഷ്ടമാക്കുമോ എന്ന ആശങ്കയാണ് മമതയ്ക്ക്. ദ്രൗപദി മുർമുവിനെ നേരത്തേ ബിജെപി പ്രഖ്യാപിച്ചിരുന്നെങ്കിൽ സമവായ സ്ഥാനാർഥിയാക്കാമായിരുന്നു എന്നു മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ജനതാദൾ(എസ്) ദ്രൗപദിക്കു പിന്തുണ നൽകുമെന്ന് പറഞ്ഞിരുന്നു. ശിവസേന പിളർപ്പുകൂടിയായതോടെ സിൻഹയുടെ വോട്ടുകളിൽ വീണ്ടും കുറവുണ്ടാകാൻ സാധ്യതയുണ്ട്. പലയിടത്തും പ്രതിപക്ഷത്തിന്റെ വോട്ടുകൾ കൂടി ദ്രൗപദി മുർമുവിനു ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

English Summary: Bound by vote bank, Mamata keeps her President-poll pick away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com