ADVERTISEMENT

ന്യൂഡൽഹി∙ രാജീവ് ഗാന്ധി സർക്കാർ വനിതാ ക്ഷേമത്തിനായി 28 ഇന പദ്ധതികൾ നടപ്പാക്കിയതിനു നേതൃത്വം നൽകിയത് മാർഗരറ്റ് അൽവ; പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ 33% വനിതാ സംവരണവും അവരുടെ നിർദേശമായിരുന്നു. 37 വർഷത്തിനു ശേഷം പ്രതിപക്ഷത്തിന്റെ വനിതാ സ്ഥാനാർഥിയായി അൽവ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കുന്നു. 

നാലു തവണ രാജ്യസഭാംഗമായിരുന്നു; ഒരു തവണ ലോക്സഭാംഗവും. 1983–85 കാലയളവിൽ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചു. ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഗവർണറായിരുന്നു. ഉത്തരാഖണ്ഡിലെ ആദ്യ വനിതാ ഗവർണർ എന്ന പ്രത്യേകതയുമുണ്ട്. രാജീവ്ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററികാര്യം, യുവജനക്ഷേമം വകുപ്പുകളും പി.വി. നരസിംഹറാവു മന്ത്രിസഭയിൽ പഴ്സനേൽ, പെൻഷൻ വകുപ്പുകളും സഹമന്ത്രിയായി കൈകാര്യം ചെയ്തു. 

‘അങ്ങേയറ്റം വിനയത്തോടെയും സന്തോഷത്തോടെയും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയാകാനുള്ള ക്ഷണം സ്വീകരിക്കുന്നു’എന്ന് അൽവ ട്വീറ്റ് ചെയ്തു. ഭർത്താവ് പരേതനായ നിരഞ്ജൻ. അൽവയുടെ മാതാവ് വയലറ്റ് അൽവ 60കളിൽ രാജ്യസഭാ ഉപാധ്യക്ഷയായിരുന്നു. 

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു മുൻപേ സ്ഥാനാർഥിയെ പ്രഖ്യാപിച്ച പ്രതിപക്ഷം ഇത്തവണ എൻഡിഎയ്ക്കുശേഷമാണു സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വന്തം പാളയത്തിൽ നിന്നുള്ള കക്ഷികൾ കൂടി എൻഡിഎ സ്ഥാനാർഥിക്കു പിന്തുണ പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിനു ക്ഷീണമായിരുന്നു. 

ഇന്നലത്തെ യോഗത്തിൽ കോൺഗ്രസിനും യുപിഎ കക്ഷികൾക്കും പുറമേ ഇടതു പാർട്ടികൾ, ശിവസേന, സമാജ്‌വാദി പാർട്ടി, എംഡിഎംകെ, ടിആർഎസ്, കേരള കോൺഗ്രസ് (എം), ആർജെഡി എന്നീ പാർട്ടികളും പങ്കെടുത്തു. എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി.മുഹമ്മദ് ബഷീർ, ജോസ് കെ. മാണി, ബിനോയ് വിശ്വം എന്നിവർ കേരളത്തിൽനിന്നു പങ്കെടുത്തു. 

നിയമബിരുദധാരികളായ സ്ഥാനാർഥികൾ

എൻഡിഎ സ്ഥാനാർഥി ജഗ്ദീപ് ധൻകറും പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് അൽവയും നിയമ ബിരുദധാരികളാണ്. ഇരുവരും ഓരോ തവണ ലോക്സഭയിലെത്തി. ധൻകർ രാജസ്ഥാനിൽനിന്നാണ്. അൽവ രാജസ്ഥാൻ ഗവർണറായിരുന്നു. 2 തവണ കേന്ദ്രമന്ത്രിയായിരുന്നു അൽവ. ധൻകർ വി.പി. സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു. ധൻകറെക്കാൾ മുൻപ് രാഷ്ട്രീയത്തിലിറങ്ങിയ അൽവ തുടക്കം മുതൽ കോൺഗ്രസിലായിരുന്നു. ജനതാദളിലും കോൺഗ്രസിലും പ്രവർത്തിച്ചശേഷമാണു ധൻകർ ബിജെപിയിലെത്തിയത്. 

Content Highlights: Vice President Election 2022, Margaret Alva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com