ADVERTISEMENT

ന്യൂഡൽഹി ∙ യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ പ്രതിപക്ഷ കക്ഷികളിൽ ഉടലെടുത്ത ആശയക്കുഴപ്പം അമ്പരപ്പിക്കുന്നതായിരുന്നു. രാഷ്ട്രീയ പത്മവ്യൂഹത്തിൽപ്പെട്ട്, ഒപ്പമുണ്ടാവുമെന്നു വിശ്വസിച്ചവർ പോലും എതിർപാളയത്തിൽ അണിനിരന്ന തിരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയുടെ തോൽവി ഉറപ്പായിരുന്നു. എന്നാൽ, ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകാതെയുള്ള കീഴടങ്ങൽ പ്രതിപക്ഷ ദൗർബല്യം കൂടിയാണു വെളിപ്പെടുത്തുന്നത്.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ യശ്വന്ത് സിൻഹ ജനതാ പാർട്ടി, ജനതാദൾ, സമാജ്‌വാദി ജനതാ പാർട്ടി എന്നിവയിൽ പ്രവർത്തിച്ച ശേഷമാണു ബിജെപിയിൽ ചേർന്നത്. ചന്ദ്രശേഖർ, വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു. ഇന്ത്യയിലെ ജനാധിപത്യം വലിയ അപകടം നേരിടുന്നുവെന്നു പ്രഖ്യാപിച്ചാണ് 2018 ൽ ബിജെപി വിട്ടത്. കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാത്തതും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള എതിർപ്പുമാണ് കാരണമെന്നു പ്രചാരണമുണ്ടായിരുന്നു.

കാൽനൂറ്റാണ്ടോളം ബിജെപിയിൽ പ്രവർത്തിച്ച നേതാവിനെ രാഷ്ട്രപതി സ്ഥാനാർഥിയായി ഉൾക്കൊള്ളാൻ പല പ്രതിപക്ഷ കക്ഷികൾക്കും കഴിഞ്ഞില്ലെന്നതാണു യാഥാർഥ്യം. എങ്കിലും പ്രതിപക്ഷ കക്ഷികൾ ശക്തമായി രംഗത്തുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ചായിരുന്നു യശ്വന്ത് സിൻഹയുടെ പത്രികാ സമർപ്പണം. കോൺഗ്രസ്, എൻസിപി, എസ്പി, തൃണമൂൽ, ഡിഎംകെ, സിപിഎം, സിപിഐ, ടിആർഎസ് ഉൾപ്പെടെ 14 പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

എന്നാൽ, ദ്രൗപദി മുർമുവിന്റെ സ്ഥാനാർഥിത്വം പ്രതിപക്ഷത്തിന് ഇടിത്തീയായി. മുന്നാക്ക കായസ്ഥ വിഭാഗക്കാരനായ യശ്വന്ത് സിൻഹയും ഗോത്രവിഭാഗ നേതാവായ ദ്രൗപദി മുർമുവും തമ്മിലുള്ള മത്സരം അപ്രതീക്ഷിത രാഷ്ട്രീയ അടിയൊഴുക്കുകൾക്കു കാരണമായി.

ഗോത്രവിഭാഗത്തിൽ നിന്നൊരാൾ ആദ്യമായി രാഷ്ട്രപതിയാകുന്നതിനെ എതിർക്കാൻ ബിജെപിയെ നഖശിഖാന്തം വിമർശിക്കുന്ന പാർട്ടികൾക്കു പോലും കഴിയുമായിരുന്നില്ല. ഒഡീഷയിലെ ബിജെഡി പിന്തുണ പ്രഖ്യാപിച്ചപ്പോൾ തന്നെ സൂചന വ്യക്തമായിരുന്നു. തുടർന്ന് ജെഡിയു, എഐഎഡിഎംകെ, ജനതാദൾ (എസ്), വൈഎസ്ആർ കോൺഗ്രസ്, ജെഎംഎം, ബിഎസ്പി എന്നിവയെല്ലാം ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ മത്സരിക്കുകയായിരുന്നു. എംപിമാരുടെ സമ്മർദത്തിനു വഴങ്ങി ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും ദ്രൗപദിക്കു പിന്തുണ പ്രഖ്യാപിച്ചു. സ്വന്തം പാർട്ടിയായ തൃണമൂൽ കോൺഗ്രസ് പോലും യശ്വന്ത് സിൻഹയ്ക്കു പൂർണമനസ്സോടെ പിന്തുണ നൽകിയില്ല. വോട്ട് അഭ്യർഥിക്കാൻ വിളിച്ചപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഫോണെടുത്തില്ലെന്നും സിൻഹ വെളിപ്പെടുത്തിയിരുന്നു.

പ്രതിപക്ഷ പാർട്ടികളിലെ കെട്ടുറപ്പില്ലായ്മ ബോധ്യപ്പെടുത്തുന്നതായിരുന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ്. കോൺഗ്രസിന്റെയും എൻസിപിയുടെയും സമാജ്‌വാദി പാർട്ടിയുടെയുമൊക്കെ എംഎൽഎമാർ ദ്രൗപദിക്ക് വോട്ടു ചെയ്തു.

പ്രതിപക്ഷത്തെ മുഴുവൻ കക്ഷികൾക്കും സ്വീകാര്യതയുള്ള നേതാവിനെ സ്ഥാനാർഥിയാക്കാൻ എന്തുകൊണ്ടു സാധിച്ചില്ലെന്ന ചോദ്യമാണ് ഉയരുന്നത്. ആരു ജയിച്ചാലും ബിജെപി പാരമ്പര്യമുള്ളയാൾ രാഷ്ട്രപതിയാകുമെന്ന സാഹചര്യമൊരുക്കാൻ യശ്വന്ത് സിൻഹയുടെ സ്ഥാനാർഥിത്വം കാരണമായെന്ന വിമർശനവും ബാക്കി.

English Summary: Setback to opposition in Presidential Poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com