ADVERTISEMENT

ന്യൂ‍ഡൽഹി ∙ അർബുദം , പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷ. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷ വേളയിൽ പ്രഖ്യാപനം നടത്താനുള്ള സാധ്യതയാണു കേന്ദ്ര സർക്കാർ തേടുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ മരുന്നുകമ്പനികളുമായി നാളെ അവസാനവട്ട ചർച്ച നടത്തും. വെള്ളിയാഴ്ച നടത്തിയ ചർച്ചകളുടെ തുടർച്ചയാണിത്. സർക്കാർ നിർദേശം കമ്പനികൾ അതേപടി അംഗീകരിച്ചാൽ വില 70% വരെ കുറയും. ‘വിലനിയന്ത്രണ നടപടി നേരത്തേതന്നെ പരിഗണനയിലുണ്ട്. സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കുമോയെന്നതു മന്ത്രിസഭ തീരുമാനിക്കേണ്ട കാര്യമാണ്’– ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. 

മരുന്നുകമ്പനികൾക്കു ലഭിക്കുന്ന ലാഭം ന്യായമെന്നും അതേസമയം അമിതമല്ലെന്നും ഉറപ്പാക്കിയുള്ള വിലനിയന്ത്രണത്തിനാണു (ട്രേഡ് മാർജിൻ റാഷനലൈസേഷൻ–ടിഎംആർ) സർക്കാരിന്റെ ശ്രമം. കമ്പനികളുടെ നിലപാട് അനുകൂലമല്ലെങ്കിൽ, ദീർഘകാല ഉപയോഗത്തിനുള്ള മരുന്നുകൾക്ക് ഈടാക്കാവുന്ന ലാഭത്തിനു സർക്കാർ പരിധി നിശ്ചയിക്കാനും സാധ്യതയുണ്ട്. അവശ്യമരുന്നുകളുടെ കേന്ദ്രപട്ടിക പുതുക്കുന്നതും ആലോചനയിലുണ്ട്. അങ്ങനെ വന്നാൽ കൂടുതൽ മരുന്നുകൾ വിലനിയന്ത്രണപരിധിയിൽ വരും. 

കേന്ദ്ര പട്ടികയിലുള്ള അവശ്യമരുന്നുകൾക്കു നിലവിൽ വിലനിയന്ത്രണമുണ്ട്. പാരസെറ്റമോൾ, അസിത്രോമൈസിൻ ഉൾപ്പെടെയുള്ള ആന്റിബയോട്ടിക്കുകൾ, വിളർച്ച മാറ്റാനുള്ള മരുന്നുകൾ, വൈറ്റമിൻ – മിനറൽ ഗുളികകൾ തുടങ്ങി 355 മരുന്നുകളാണ് ഇതിലുള്ളത്. ഇവയിന്മേലുള്ള ലാഭത്തിനു മൊത്തവിപണിയിൽ 8%, ചില്ലറ വിപണിയിൽ 16% വീതം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പട്ടികയിലില്ലാത്ത മരുന്നുകളുടെ വില വർഷം 10% കൂട്ടാൻ കമ്പനികൾക്ക് അനുവാദമുണ്ട്. 

ചില മരുന്നുകൾക്ക് പത്തുമടങ്ങ് ലാഭം

നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) നടത്തിയ പഠനമനുസരിച്ച്, ഒരു ഗുളികയ്ക്ക് 100 രൂപയിലേറെ വില വരുന്ന മരുന്നുകളിൽ 8 ശതമാനവും കമ്പനികൾക്കു രണ്ടു മുതൽ അഞ്ചു മടങ്ങുവരെ ലാഭമാണു നൽകുന്നത്. 2.7% മരുന്നുകൾ വഴി അഞ്ചു മുതൽ പത്തുമടങ്ങ് വരെയാണു ലാഭം. 1.48% മരുന്നുകളുടെ കാര്യത്തിലാകട്ടെ ലാഭം പത്തുമടങ്ങ് കവിയും. 2018–19ൽ സർക്കാർ പ്രത്യേകാധികാരം ഉപയോഗിച്ചു വിലനിയന്ത്രണ ഉത്തരവിറക്കി 41 കാൻസർ മരുന്നുകളുടെ ലാഭപരിധി 30 % ആക്കി. പല പേരുകളിൽ വ്യത്യസ്ത ബ്രാൻഡുകൾ ഇറക്കിയ മരുന്നുകളുടെ വില 90 % വരെ കുറയ്ക്കാൻ ഇതു സഹായകരമായി. 

English Summary: Medicine price may be reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com