ADVERTISEMENT

ന്യൂഡൽഹി ∙ ‘ജൊഹാർ!’ – ഇന്ത്യൻ രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞാ റജിസ്റ്ററിൽ ഒപ്പിടുന്ന അതേ നേരം രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്ററിൽ ഇങ്ങനെ തുടങ്ങുന്നൊരു കുറിപ്പെത്തി. ഗോത്രവിഭാഗങ്ങൾക്കിടയിൽ സുഹൃത്തുക്കളെയും പരിചയക്കാരെയും അഭിവാദ്യം ചെയ്യാൻ ഉപയോഗിക്കുന്ന വാക്കാണ് ജൊഹാർ. ആദ്യ വാക്കുകളിൽ തന്നെ നയം വ്യക്തം; സ്ഥാനമേറ്റ ദിവസവും വേരുകളിൽ കാലൂന്നി നിൽക്കുന്ന പ്രസിഡന്റ്. 

ലോകം ശ്രദ്ധിച്ച ചടങ്ങിന് ദ്രൗപദി അണിഞ്ഞ വേഷത്തിലും ഗോത്ര മഹിമ തെളിഞ്ഞു – സഹോദരൻ തരുണി സെൻ ടുഡുവിന്റെ ഭാര്യ സുക്രി സമ്മാനിച്ച, ലളിതമായ സന്താളി സാരി. ആദ്യം പോയത് രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സമാധിയിലേക്ക്. അണയാത്ത വിളക്കിനു മുന്നിൽ തൊഴുകൈകളുമായി നിന്നു, പുഷ്പഹാരം സമർപ്പിച്ചു. അധികമാരും ചെയ്യാത്തപോലെ സമാധിയിൽ നെറ്റി ചേർത്തു. 8.45ന് ഉമാശങ്കർ റോഡിലെ താൽക്കാലിക വസതിയിലേക്കു മടങ്ങിയെത്തി. 

9.15 ന് രാഷ്ട്രപതി ഭവനിൽ എത്തി. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതയും ചേർന്നു സ്വീകരിച്ചു. അൽപനേരം സംസാരിച്ചിരുന്നു. കൃത്യം, 9.47ന് റാം നാഥ് കോവിന്ദും ദ്രൗപദിയും രാഷ്ട്രപതി ഭവനിൽനിന്നു പാർലമെന്റിലേക്കു പുറപ്പെട്ടു. വെളുത്ത യൂണിഫോമണിഞ്ഞ അംഗരംക്ഷകരുടെ അകമ്പടിയിൽ രാഷ്ട്രപതിയുടെ കാറിലായിരുന്നു യാത്ര. മഴക്കാറുള്ള അന്തരീക്ഷത്തിൽ പതിവ് അശ്വരഥം ഒഴിവാക്കി. 

10 മണിക്കു പാർലമെന്റിലെത്തി. അഞ്ചാം നമ്പർ കവാടത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയും രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ എം.വെങ്കയ്യ നായിഡുവും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയും സ്വീകരിച്ച് ആനയിച്ചു. പൂക്കളാൽ അലംകൃതമായ വേദിയിൽ ചീഫ് ജസ്റ്റിസ് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി ദ്രൗപദി മുർമു ചരിത്രത്തിലേക്കുള്ള കയ്യൊപ്പിട്ട് സ്ഥാനമേറ്റു. 

സത്യപ്രതിജ്ഞാ ചടങ്ങും ആദ്യ പ്രസംഗവും പൂർത്തിയാക്കി സദസ്സിനെ അഭിവാദ്യം ചെയ്തു. സദസ്സിലുണ്ടായിരുന്ന മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടിലീനോട് അൽപനേരം കുശലം പറഞ്ഞു. പുറത്തെത്തിയപ്പോൾ അംഗരക്ഷകർ കുതിരപ്പുറത്തിരുന്ന് പുതിയ രാഷ്ട്രപതിക്ക് അഭിവാദ്യം നൽകി. 

രാഷ്ട്രപതിയായുള്ള ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മകൾ ഇതിശ്രീ, മരുമകൻ ഗണേഷ് ചന്ദ്ര ഹെംബ്രാം (ഇടത്തേയറ്റം) എന്നിവർ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവർക്കൊപ്പം.
രാഷ്ട്രപതിയായുള്ള ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മകൾ ഇതിശ്രീ, മരുമകൻ ഗണേഷ് ചന്ദ്ര ഹെംബ്രാം (ഇടത്തേയറ്റം) എന്നിവർ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവർക്കൊപ്പം.

പിന്നീട് അംഗരക്ഷകരുടെ അകമ്പടിയോടെ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിനൊപ്പം രാഷ്ട്രപതി ഭവനിലേക്ക്. അവിടെ സംയുക്ത സേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. 

ശേഷം, മുൻ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ രാഷ്ട്രപതിയുടെ ഓഫിസിലെത്തിയ ദ്രൗപദി അവിടെ ഫയലിൽ ഒപ്പിട്ടു. രാഷ്ട്രപതിയുടെ കസേരയിൽ ഇരുന്നു, റാം നാഥ് കോവിന്ദ് സമീപം നിന്നു. ക്യാമറകൾ മിന്നി. പന്ത്രണ്ടോടെ, ജൻപഥ് റോഡിലെ 12–ാം നമ്പർ വസതിയിലേക്ക് (കോവിന്ദിന്റെ പുതിയ വസതി) സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിയെ കൊണ്ടുചെന്നാക്കാൻ ആചാരപ്രകാരം ദ്രൗപദി മുർമുവും പോയി. തിരികെ രാഷ്ട്രപതിഭവനിലേക്ക് എത്തുമ്പോൾ ആശംസകളുമായി ലോകനേതാക്കളുടെ ഉൾപ്പെടെ വിളികൾ. 

English Summary: Busy day for president Draupadi Murmu 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com