ADVERTISEMENT

ന്യൂഡൽഹി ∙ 17 വയസ്സു പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാനുള്ള അനുവാദം നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. ഇവരെ 18 വയസ്സു തികയുമ്പോൾ പട്ടികയിൽ ഉൾപ്പെടുത്തും. നിശ്ചിത വർഷം ജനുവരി 1നു 18 തികയുന്നവർക്കു മാത്രം പേരു ചേർക്കാം എന്നതു മാറ്റി 3 മാസം കൂടുമ്പോൾ 18 തികയുന്നവരെ ചേരാൻ അനുവദിക്കും. ഇതനുസരിച്ച് ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഒന്നാം തീയതി 18 തികയുന്നവർക്ക് വോട്ടർമാരാകാം. നിലവിൽ ജനുവരിയിൽ വയസ്സു തികഞ്ഞില്ലെങ്കിൽ അടുത്ത വർഷം ജനുവരി വരെ കാത്തിരിക്കണമായിരുന്നു. 

പരിഷ്കരിച്ച റജിസ്ട്രേഷൻ ഫോമുകൾ ഓഗസ്റ്റ് 1നു പ്രാബല്യത്തിൽ വരും. ഈ വർഷം ഓഗസ്റ്റ് 1ന് മുൻപു ലഭിച്ച എല്ലാ അപേക്ഷകളും പഴയ ഫോമുകളിൽ പരിഗണിക്കും. പുതിയ ഫോമിൽ അപേക്ഷിക്കേണ്ട ആവശ്യമില്ല.

വോട്ടർപട്ടികയെ ആധാറുമായി  ബന്ധിപ്പിക്കുന്നതിനായി, ആധാർ വിവരങ്ങൾ തേടുന്നതിന് പരിഷ്കരിച്ച ഫോമിൽ വ്യവസ്ഥയുണ്ട്. നിലവിലുള്ള വോട്ടർമാരുടെ ആധാർ നമ്പർ ശേഖരിക്കുന്നതിനായി പുതിയ ഫോം-6 ബിയും അവതരിപ്പിച്ചു. 

ആധാർ നമ്പർ നൽകാത്തതിന്റെയോ അറിയിക്കാത്തതിന്റെയോ പേരിൽ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അപേക്ഷ നിരസിക്കുകയോ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയോ ഇല്ല.

പാർട്ടികൾക്ക് അപേക്ഷ കൂട്ടമായി നൽകാം

പേരു ചേർക്കാനുള്ള അപേക്ഷകൾ മൊത്തമായി സമർപ്പിക്കാൻ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലവൽ ഏജന്റുമാരെ കമ്മിഷൻ അനുവദിച്ചു. ഒരു ഏജന്റ് ഒരു ദിവസം പത്തിൽ കൂടുതൽ ഫോമുകൾ നൽകാൻ പാടില്ല. അവകാശങ്ങളും എതിർപ്പുകളും ഫയൽ ചെയ്യുന്ന സമയത്തും ഒരു ഏജന്റ് മുപ്പതിലധികം അപേക്ഷകൾ നൽകിയാൽ വിശദ പരിശോധന നടത്തണം. അപേക്ഷാ ഫോമുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച സത്യവാങ്‌മൂലവും നൽകണം.

Content Highlight: Voters list updation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com