ADVERTISEMENT

ന്യൂഡൽഹി∙ പണക്കെട്ടുകളുമായി ബംഗാളിൽ അറസ്റ്റിലായ ജാർഖണ്ഡിലെ 3 എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ബിജെപിയുമായി ചേർന്ന് ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ അണിയറ നീക്കം നടത്തുന്നെന്നാരോപിച്ചാണ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കചപ്, നമൻ ബിക്സൽ എന്നിവർക്കെതിരായ നടപടി. മഹാരാഷ്ട്രയ്ക്കു പിന്നാലെ ജാർഖണ്ഡിലും സഖ്യ സർക്കാരിനെ വീഴ്ത്താൻ ബിജെപി നീക്കം നടത്തുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. 

സംസ്ഥാനത്ത് ബിജെപി നടത്താനൊരുങ്ങിയ ‘ഓപ്പറേഷൻ താമര’ പുറത്തായതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എന്നാൽ, ജാർഖണ്ഡിലെ അഴിമതി മറച്ചുവയ്ക്കാൻ കോൺഗ്രസ് ബിജെപിയെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നു കേന്ദ്ര മന്ത്രി അർജുൻ മുണ്ട തിരിച്ചടിച്ചു.

ഹൗറയിൽ ശനിയാഴ്ച രാത്രിയാണ് അരക്കോടി രൂപയുമായി എംഎൽഎമാരെ പൊലീസ് പിടികൂടിയത്.  ഉത്സവകാലത്തേക്കുള്ള സാധനങ്ങൾ വാങ്ങാനെത്തിയതാണെന്നും 40 – 50 ലക്ഷം രൂപ കൊണ്ട് സർക്കാരിനെ താഴെയിടുന്നതെങ്ങനെയാണെന്നും അൻസാരിയുടെ സഹോദരൻ ഇമ്രാൻ ചോദിച്ചു.

 ഇതിനിടെ, ജാർഖണ്ഡിലെ ജെഎംഎം – കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ ബിജെപിക്കു വേണ്ടി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അണിയറ നീക്കം നടത്തുന്നുണ്ടെന്നും കൂറുമാറാൻ ഓരോ എംഎൽഎക്കും 10 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നും കോൺഗ്രസ് എംഎൽഎ കുമാർ ജയ്മംഗൽ സിങ് ആരോപിച്ചു. 

പിടിയിലായ 3 എംഎൽഎമാർ തനിക്കു പണം വാഗ്ദാനം ചെയ്തെന്നും പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം ലഭ്യമാക്കുമെന്ന് ഹിമന്ത ഉറപ്പു നൽകുമെന്നു പറഞ്ഞതായും അദ്ദേഹം പറഞ്ഞു. അട്ടിമറി സൂചനയെത്തുടർന്ന് ജെഎംഎം, കോൺഗ്രസ് നേതൃത്വങ്ങൾ ചർച്ച നടത്തി. 82 അംഗ നിയമസഭയിൽ ഭരണപക്ഷത്തിന് 47 എംഎൽഎമാരാണുള്ളത്. ബിജെപിയുടെ അംഗബലം 25.

English Summary: Congress suspends three Jharkhand MLAs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com