ADVERTISEMENT

ന്യൂഡൽഹി∙ ‘ആക്സൽ, നിന്റെ സേവനത്തിനു നന്ദി’ – കരസേന ഇന്നലെ നന്ദിയോടെ യാത്രയാക്കിയത് സേനയിലെ പോരാളിയായ നായയെ. കശ്മീരിലെ ബാരാമുള്ളയിലുള്ള വീട്ടിൽ ഒളിച്ചിരുന്ന ഭീകരനെ കണ്ടെത്തി നേരിടുന്നതിനിടെ വെടിയേറ്റ് വീരവിയോഗം വരിച്ച ആക്സൽ, സേനയുടെ ഹൃദയം കവർന്നാണു വിടപറഞ്ഞത്.

ബെൽജിയൻ മാലിന്വ വിഭാഗത്തിൽപ്പെട്ട 2 വയസ്സുള്ള ആക്സൽ, ഭീകര വേട്ടയ്ക്കായി സേനാംഗങ്ങൾക്കൊപ്പമാണ് ഇന്നലെ ബാരാമുള്ളയിലെത്തിയത്. വീട്ടിൽ ഭീകരൻ ഒളിച്ചിരിക്കുന്ന മുറി കണ്ടെത്താൻ 2 നായ്ക്കളാണു സേനാംഗങ്ങൾക്കൊപ്പമുണ്ടായിരുന്നത് – ആക്സലും ബജാജും.

ആദ്യത്തെ മുറിയിലേക്ക് ബജാജും പിന്നാലെ ആക്സലും കയറി. തൊട്ടടുത്ത മുറിയിൽ ഭീകരന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ആക്സൽ, അവിടേക്കു കുതിച്ചു. മുറിയിലേക്കു കയറിയ ഉടൻ വെടിയേറ്റെങ്കിലും പിന്മാറാതെ ഭീകരന്റെ ശരീരത്തിൽ കടിച്ചുതൂങ്ങി. ഭീകരനെ മാരകമായി പരുക്കേൽപിച്ച ശേഷമാണ് ആക്സൽ കുഴഞ്ഞുവീണത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ സേന വധിച്ചു. വെടിയേറ്റതിനു പുറമേ ഭീകരന്റെ ആക്രമണത്തിൽ തുടയെല്ല് പൊട്ടിയതടക്കം ശരീരത്തിലെ പത്തിടങ്ങളിൽ ആക്സലിനു പരുക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

കരസേനയുടെ 26–ാം ആർമി ഡോഗ് യൂണിറ്റിലെ അസോൾട്ട് കനൈൻ വിഭാഗത്തിൽപ്പെട്ട നായ ആയിരുന്നു ആക്സൽ. ശ്രീനഗറിലെ ഭീകരവിരുദ്ധ സേനയായ കിലോ ഫോഴ്സിന്റെ ജനറൽ ഓഫിസർ കമാൻഡിങ് മേജർ ജനറൽ എസ്.എസ്. സ്‌ലാറിയയുടെ നേതൃത്വത്തിൽ ആക്സലിന് അന്തിമോപചാരമർപ്പിച്ചു.

English Summary: Indian Army Dog 'Axel' Killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com