നാഷനൽ ഹെറൾഡ്: പോരാട്ടത്തിന് കോൺഗ്രസ്; കോട്ട കെട്ടി പൊലീസ്

sonia-gandhi
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും. ചിത്രം: മനോരമ
SHARE

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡുമായി ബന്ധപ്പെട്ട കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് വിഷയങ്ങളിൽ രാഷ്ട്രപതി ഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും ഇന്നു നടത്തുന്ന പ്രതിഷേധ പ്രകടനം ഫലത്തിൽ, ഇഡി നടപടിക്കെതിരായ പ്രക്ഷോഭമായി മാറും. പ്രകടനത്തിന് അനുമതി നിഷേധിച്ചു ന്യൂഡൽഹി ജില്ലയിലുടനീളം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

ആരു തടഞ്ഞാലും പ്രകടനം നടത്തുമെന്നു വ്യക്തമാക്കിയ കോൺഗ്രസ്, പാർട്ടി ആസ്ഥാനത്ത് ഇന്നലെ രാത്രി തന്നെ പ്രവർത്തകരെയെത്തിച്ചു. ആസ്ഥാനത്തേക്കുള്ള വഴി തടഞ്ഞു പൊലീസ് ബാരിക്കേഡ് നിരത്തുമെന്നു മുൻകൂട്ടി കണ്ടാണ്, നൂറുകണക്കിനു പ്രവർത്തകരെ രാത്രി എത്തിച്ചത്. ഇവിടെനിന്നു രാവിലെ 11ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രകടനം നടത്തും. ആസ്ഥാനത്തിനു മുന്നിൽ വച്ചു തന്നെ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കാനാണു സാധ്യത. 

രാവിലെ പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിച്ച ശേഷം രാഷ്ട്രപതി ഭവനിലേക്കു പ്രകടനം നടത്താൻ എംപിമാരോടു പാർട്ടി നിർദേശിച്ചു. നിരോധനാജ്ഞ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനയച്ച കത്തിൽ പൊലീസ് മുന്നറിയിപ്പ് നൽകി. 

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ ഇഡി ചോദ്യം ചെയ്തു. സഭ നടക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് ഒന്നിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡിയുടെ നോട്ടിസ് ലഭിച്ചതെന്നും മോദി – ഷാ ഭരണകൂടത്തിന്റെ നിലവാരത്തകർച്ചയാണ് ഇതു കാണിക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. 

നാഷനൽ ഹെറൾഡിന്റെ പ്രസാധകരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും സ്വത്തും ഏറ്റെടുത്ത യങ് ഇന്ത്യൻ ലിമിറ്റഡ് കമ്പനിയുടെ അഡീഷനൽ ഡയറക്ടറെന്ന നിലയിലാണു ഖർഗെയെ ചോദ്യം ചെയ്തത്. 

∙ ‘‘ നാഷനൽ ഹെറൾഡ് കേസ് കാട്ടി ഞങ്ങളെ നിശ്ശബ്ദരാക്കാമെന്നാണു വിചാരം. എന്തൊക്കെ ചെയ്താലും ജനാധിപത്യത്തെ അടിച്ചമർത്തുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരായ യുദ്ധം ഞങ്ങൾ തുടരും. എന്തു ചെയ്താലും ഞങ്ങൾക്കു പ്രശ്നമല്ല.’’ –  രാഹുൽ ഗാന്ധി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}