ADVERTISEMENT

ന്യൂഡൽഹി ∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി എഫ് പെൻഷൻ നൽകിയാൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് തന്നെ ഇല്ലാതാകുമെന്ന വാദം തെളിയിക്കുന്ന പഠനമോ രേഖകളോ ഉണ്ടോയെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു ചോദിച്ചു. ഉണ്ടെങ്കിൽ അതു ഹാജരാക്കണം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഉന്നയിച്ചതിനു സമാനമായ വാദങ്ങൾ കേന്ദ്ര സർക്കാരും ആവർത്തിച്ചപ്പോഴാണു കോടതി പഠനറിപ്പോർട്ട് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയാണു വാദിച്ചത്. ഉച്ചവരെ കേന്ദ്ര സർക്കാർ വാദിച്ചപ്പോൾ, ഉച്ചയ്ക്കു ശേഷം ഹർജിക്കാരിൽ ഒരാളായ ടാറ്റാ മോട്ടോഴ്സിനു വേണ്ടി സി.യു.സിങ്ങും ഉയർന്ന പെൻഷൻ ആവശ്യത്തെ എതിർത്തു. എന്നാൽ, ഇപിഎഫ്ഒയുടെ വാദങ്ങൾ കേൾക്കുന്നതിൽ നിന്നു വ്യത്യസ്തമായി കേന്ദ്ര സർക്കാരിനോടു കോടതി കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചു.

എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്), പെൻഷൻ ഫണ്ട് വ്യവസ്ഥകളിൽ 2014 വരുത്തിയ ഭേദഗതികൾ, 2018ലെ കേരള ഹൈക്കോടതി ഉത്തരവ് തുടങ്ങിയവയുടെ പ്രത്യാഘാതം എന്തായിരിക്കുമെന്ന പഠനം നടത്തിയിട്ടുണ്ടോയെന്നു ജഡ്ജിമാരായ യു.യു.ലളിത്, അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ബന്ധപ്പെട്ട രേഖകൾ ഉണ്ടെന്നു പറഞ്ഞെങ്കിലും വ്യക്തമായ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞില്ല. ഇന്നലെത്തന്നെ രേഖകൾ ഹാജരാക്കാമെന്നു പറഞ്ഞ ശേഷമാണ് കേസിൽ വാദം തുടർന്നത്.

ഹർജിക്കാരായ ഇപിഎഫ്ഒ, കേന്ദ്ര സർക്കാർ, ടാറ്റ മോട്ടോഴ്സ് എന്നിവരുടെ വാദം പൂർത്തിയാക്കി. പെൻഷൻകാർക്കു വേണ്ടി ഒട്ടേറെ ഹർജികൾ ഉള്ളതിനാൽ പ്രധാന വാദങ്ങൾ ഇന്നു കേൾക്കും. കെ.പി.കൈലാസനാഥ പിള്ള ഇന്നത്തെ വാദം തുടങ്ങും. നിഷേ രാജൻ ശങ്കർ, റോയ് ഏബ്രഹാം, മനോജ് വി. ജോർജ് തുടങ്ങിയവരും ഹർജിക്കാർക്കു വേണ്ടി ഹാജരാകുന്നുണ്ട്. ഇന്നു തന്നെ വാദം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ജസ്റ്റിസ് ലളിത് വ്യക്തമാക്കിയെങ്കിലും സമയക്കുറവിന്റെ കാര്യം അഭിഭാഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാദങ്ങൾ, കോടതിയുടെ ചോദ്യങ്ങൾ

∙ പെൻഷൻ ഫണ്ട് വ്യവസ്ഥകളിൽ കൊണ്ടുവന്ന ഭേദഗതികൾ സാമൂഹികക്ഷേമം ഉന്നമിട്ടുള്ളതാണ്. ഇതു റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണ്. 

∙ പെൻഷൻ കണക്കാക്കുന്നതിന് അവസാന 12 മാസത്തിനു പകരം 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കണമെന്നായിരുന്നു തീരുമാനം. പല കാരണങ്ങളാൽ അവസാനവർഷത്തെ ശമ്പളം കുറയാം. ഇതു പെൻഷനിൽ പ്രതിഫലിക്കരുതെന്നായിരുന്നു ഉദ്ദേശിച്ചത്. ഈ വ്യവസ്ഥ കേരള ഹൈക്കോടതി റദ്ദാക്കിയതു തെറ്റാണ്.

∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയിലും പെൻഷൻ പദ്ധതിയിലും നിക്ഷേപിക്കുന്നതു വ്യത്യസ്തമായി കാണണമെന്ന കേന്ദ്ര നിലപാടിൽ കോടതി സംശയമുയർത്തി. പ്രോവിഡന്റ് ഫണ്ട് ബാങ്കുകളുടെ സ്വഭാവത്തോടെയുള്ളതാണെന്നും മറ്റേത് സർക്കാരിന്റെ ക്ഷേമ പദ്ധതിയാണെന്നും കേന്ദ്രം വാദിച്ചു. എന്നാൽ, രണ്ടും ഒരേ സ്വഭാവമുള്ള നിക്ഷേപ പദ്ധതികളാണെന്നു കോടതി വിലയിരുത്തി. പെൻഷൻകാരുടെ ആവശ്യത്തോടു ചേർന്നു നിൽക്കുന്നതാണു കോടതിയുടെ ഈ നിരീക്ഷണം.

∙ ഇപിഎസിൽ അംഗങ്ങളായ എല്ലാവർക്കും ഇപിഎഫിലേതിനു സമാനമായ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് കരുതിയുള്ളതാണ് കേരള ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ, ഇപിഎസ് തൊഴിൽമേഖലയിലെ ദുർബലവിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.

∙ പെൻഷന് ഉയർന്ന വിഹിതം കൊടുക്കാതിരുന്നവർ പെട്ടെന്നൊരു ദിവസം ഇതിനു തയാറായി എന്നതു കൊണ്ട് അധികച്ചെലവു വരുമെന്ന വാദം ശരിയല്ലെന്നു ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ, ഭേദഗതികൾ കൊണ്ടുവരാനുള്ള സാഹചര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നിലപാടിനെ ന്യായീകരിച്ചു. ഫണ്ടിന്റെ പ്രവർത്തനം മോശമായ സാഹചര്യത്തിലാണ് ഭേദഗതികൾ കൊണ്ടുവന്നതെന്നും ഇതാണ് കേരള ഹൈക്കോടതി റദ്ദാക്കിയതെന്നും ഇപിഎഫ്ഒയ്ക്കു വേണ്ടി ഹാജരായ അര്യമ സുന്ദരം വിശദീകരണം നൽകി.

Content Highlight: Provident Fund case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com