ADVERTISEMENT

ന്യൂഡൽഹി ∙ വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് എന്നിവയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാർട്ടി എംപിമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ 11നു ലോക്സഭയും രാജ്യസഭയും സ്തംഭിപ്പിച്ചശേഷം എംപിമാർ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് കവാടത്തിൽ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധസൂചകമായി കറുത്ത വസ്ത്രമണിഞ്ഞാണ് എംപിമാർ സഭയിലെത്തിയത്.

പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കുന്നു. (Photo: Instagram, @incindia)
കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രിയങ്ക ഗാന്ധി. (Photo: Instagram, @incindia)

രാഷ്ട്രപതിഭവനിലേക്കു പ്രകടനമായി നീങ്ങിയ രാഹുൽ ഉൾപ്പെടെയുള്ളവരെ വിജയ് ചൗക്കിൽ പൊലീസ് തടഞ്ഞു. മുന്നോട്ടു പോകാനാകില്ലെന്നും ന്യൂഡൽ‍ഹി ജില്ലയിലുടനീളം നിരോധനാജ്ഞയാണെന്നും അറിയിച്ച പൊലീസ് കേരളത്തിൽനിന്നടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി എന്നിവർ വഴിയിൽ കുത്തിയിരുന്നു. പ്രതിഷേധം അവസാനിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ മൂവരെയും കസ്റ്റഡിയിലെടുത്തു. 

കെ.സി.വേണുഗോപാലിനെയും രാഹുൽ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു.
കെ.സി.വേണുഗോപാലിനെയും രാഹുൽ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു.

കോൺഗ്രസ് ആസ്ഥാനത്തുനിന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രകടനം നയിച്ച പ്രിയങ്ക പൊലീസ് ബാരിക്കേഡ് ചാടിക്കടന്നു നീങ്ങി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഷാൾ പിടിച്ചുവലിക്കാൻ ശ്രമിച്ച പൊലീസിന് അത് ഊരി നൽകി പ്രിയങ്ക ഓട്ടം തുടർന്നതോടെ വനിതാ പൊലീസ് സംഘം വളഞ്ഞു. തുടർന്നു വഴിയിലിരുന്നു പ്രതിഷേധിച്ച പ്രിയങ്കയെ തൂക്കിയെടുത്തു വാഹനത്തിൽ കയറ്റി. പ്രിയങ്കയ്ക്കുനേരെ ബലപ്രയോഗം നടത്തിയതിനെതിരെ പ്രവർത്തകർ പ്രതിഷേധിച്ചതോടെ സംഘർഷം കനത്തു. ഉച്ചകഴിഞ്ഞു പ്രധാനമന്ത്രിയുടെ വസതിക്കു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. 

ജനാധിപത്യത്തിന്റെ അന്ത്യം: രാഹുൽ

മോദി ഭരണം രാജ്യത്തു ജനാധിപത്യത്തിന്റെ അന്ത്യം കുറിച്ചെന്നു രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര ഏജൻസികളെ കെട്ടഴിച്ചു വിടുന്ന മോദി സർക്കാരിന്റെ നടപടി ഏകാധിപത്യത്തിന്റെ തുടക്കമാണു സൂചിപ്പിക്കുന്നത്. ഇന്ത്യ പടിപടിയായി കെട്ടിപ്പടുത്ത ജനാധിപത്യം നമ്മുടെ കൺമുന്നിൽ മരിച്ചു വീഴുന്നു. ഏകാധിപത്യത്തിനെതിരെ നിൽക്കുന്നവർ ക്രൂരമായി ആക്രമിക്കപ്പെടുന്നു, ജയിലിലാകുന്നു. തിരഞ്ഞെടുപ്പു ജയിച്ചല്ലേ ബിജെപി അധികാരത്തിലെത്തിയതെന്ന ചോദ്യത്തിന് ഹിറ്റ്ലറും തിരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ട് എന്നായിരുന്നു രാഹുലിന്റെ മറുപടി. 

‘ജർമനിയിലെ ജനാധിപത്യ സ്ഥാപനങ്ങളെല്ലാം നിയന്ത്രിച്ചാണു ഹിറ്റ്ലർ ജയിച്ചത്. സ്ഥാപനങ്ങളുടെ നിയന്ത്രണം എനിക്കു തരൂ. തിരഞ്ഞെടുപ്പുകൾ എങ്ങനെ ജയിക്കാമെന്ന് ഞാനും കാണിച്ചുതരാം’ – രാഹുൽ പറഞ്ഞു. തുടർച്ചയായി തിരഞ്ഞെടുപ്പുകൾ തോൽക്കുന്നതിനു ജനാധിപത്യത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നു ബിജെപി എംപി രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു. അടിയന്തരാവസ്ഥയിലൂടെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കിയതു രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. 

congress-protest-05
1) ഡൽഹിയിൽ കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിൽ നേതാക്കൾ റോഡിൽ കിടന്നു പ്രതിഷേധിക്കുമ്പോൾ രാഹുൽ ഗാന്ധി തന്റെ ഫോണിൽ ഫോട്ടോയെടുക്കുന്നു. 2) രാഹുൽ മൊബൈലിൽ പകർത്തിയ ചിത്രം.

English Summary: Congress PM House gherao, Chalo Rashtrapati Bhavan protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com