ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ ടോൾ സംവിധാനം പരിഷ്കരിക്കാനായി മോട്ടർ വാഹന നിയമ ഭേദഗതി വന്നേക്കും. 6 മാസത്തിനകം ഭേദഗതി ആലോചിക്കുന്നെന്നു ഗതാഗതമന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി.

ജിപിഎസ് അടിസ്ഥാനമാക്കിയ ടോൾ പിരിവ് പദ്ധതിയെക്കുറിച്ച് കഴിഞ്ഞ വർഷം മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ ഓട്ടമേറ്റഡ് നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി ടോൾ പിരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

ഈ 2 രീതികളിലും സഞ്ചരിച്ച ദൂരത്തിനു മാത്രം ടോൾ നൽകിയാൽ മതി. തുക ബാങ്ക് അക്കൗണ്ടിൽനിന്നു പിടിക്കും. ജിപി എസ്–ജിപിആർഎസ് ടോൾ പിരിവ് സംവിധാനത്തിനായി ഇന്ത്യ വികസിപ്പിച്ച ‘നാവിക്’ എന്ന ജിപിഎസും പരിഗണിക്കുന്നുണ്ട്.

60 കിലോമീറ്ററിനുള്ളിൽ ഒരു ടോൾ പ്ലാസ മാത്രം മതിയെന്ന നിയമം കർശനമായി പാലിക്കുമെന്ന് കഴിഞ്ഞ സമ്മേളനകാലത്ത് മന്ത്രി പറഞ്ഞിരുന്നെങ്കിലും അതതു സ്ഥലങ്ങളിലെ സാഹചര്യത്തിനനുസരിച്ചു മാറ്റം വരുത്താമെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിൽ വ്യക്തമാക്കി. നഗരപ്രദേശങ്ങളിൽ ടോൾ പ്ലാസകളുടെ സമീപം താമസിക്കുന്നവർക്കു ടോൾ ഒഴിവാക്കുന്നതും പരിഗണിച്ചേക്കും.

ഫെയിം: കേരളത്തിന് 250 ഇലക്ട്രിക് ബസ്

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ വ്യാപകമാക്കാൻ ഉദ്ദേശിച്ചുള്ള ‘ഫെയിം’ പദ്ധതിയുടെ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് കേരളത്തിന് 250 ഇലക്ട്രിക് ബസുകൾ അനുവദിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ എൻ.കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിനു മറുപടി നൽകി. തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്ക് 100, കോഴിക്കോടിന് 50 എന്നിങ്ങനെയാണു ബസുകൾ അനുവദിച്ചത്. തുടർനടപടികൾ കെ എസ്ആർടിസിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതിനാൽ സമയത്തു കൈമാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com