പ്രത്യേക പദവി എടുത്തുകളഞ്ഞിട്ട് മൂന്നു വർഷം; തിരഞ്ഞെടുപ്പ് കാത്ത് ജമ്മു കശ്മീർ

Amit Shah, Narendra Modi
അമിത് ഷാ, നരേന്ദ്ര മോദി
SHARE

ശ്രീനഗർ ∙ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും ഇല്ലാതായിട്ട് ഇന്ന് 3 വർഷം. 2019 ഓഗസ്റ്റ് 5ന് ആണ് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ചത്. ഭരണഘടനയിലെ 370 വകുപ്പു പ്രകാരമുള്ള പ്രത്യേക പദവിയും അതോടൊപ്പം ഇല്ലാതാക്കി. പിഡിപി– ബിജെപി സഖ്യം നയിച്ച സർക്കാർ വീണതിനു പിന്നാലെ 2018 ജൂൺ മുതൽ കേന്ദ്രഭരണത്തിലായിരുന്നു കശ്മീർ.

രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും തിരഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. സംസ്ഥാനത്തു പ്രാദേശികകക്ഷികളുടെ സ്വാധീനം കുറഞ്ഞതായാണു ബിജെപി കരുതുന്നതെങ്കിലും പാർട്ടിയുടെ ശക്തികേന്ദ്രമായ ജമ്മുവിലടക്കം തിരഞ്ഞെടുപ്പു വൈകുന്നതിലുള്ള അസംതൃപ്തി പ്രകടമാണ്. 2020 ഡിസംബറിൽ ജില്ലാ വികസന കൗൺസിലിലേക്കു നടന്ന തിരഞ്ഞെടുപ്പ് ഇതിന്റെ സൂചനയായിരുന്നു. ആകെയുള്ള 220 സീറ്റിൽ പകുതിയിലേറെയും പ്രത്യേക പദവി തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പ്രാദേശികകക്ഷികളുടെ കൂട്ടായ്മയായ ഗുപ്കർ സഖ്യമാണ് നേടിയത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും 75 സീറ്റ് മാത്രമാണു കിട്ടിയത്.

അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ പുതിയ വ്യവസായ നയവും ഭൂനിയമവും കൊണ്ടുവന്നതിനു ഫലമുണ്ടായെന്നാണ് ബിജെപി കരുതുന്നത്. 56,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നാണ് ലഫ്. ഗവർണർ മനോജ് സിൻഹ പറയുന്നത്. യുഎഇ ആസ്ഥാനമായുള്ള എമ്മാർ ഗ്രൂപ്പും ലുലു ഗ്രൂപ്പും നിക്ഷേപത്തിനു താൽപര്യം കാണിച്ചിട്ടുണ്ട്. ഹോട്ടൽ മേഖലയിൽ 20 കമ്പനികൾ രംഗത്തുണ്ട്. ഉരുക്കു കമ്പനി സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. മെഡിസിറ്റി സ്ഥാപിച്ച് എംബിബിഎസ് സീറ്റ് 1000 ആയി ഉയർത്താനും നടപടികളായി. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ ഉണർവു ദൃശ്യമാണ്. കഴിഞ്ഞ ജൂലൈ വരെ 1.2 കോടിയോളം സഞ്ചാരികൾ എത്തിയെന്നാണു കണക്ക്.

തീവ്രവാദവും വിഘടനവാദവും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അമർച്ച ചെയ്യാനാണ് ബിജെപി ശ്രമിച്ചത്. കേന്ദ്രഭരണ പ്രദേശമായതിനു ശേഷം ഇതേവരെ 128 സുരക്ഷാഭടന്മാരും 118 സാധാരണക്കാരുമാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 2017നു ശേഷം ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ ലക്ഷ്യമിട്ടു നടന്ന ആക്രമണങ്ങളിൽ 28 പേർക്കാണു ജീവൻ നഷ്ടമായത്. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടക്കുന്ന ആക്രമണം വെല്ലുവിളിയായി തുടരുകയാണ്. 2 വർഷത്തിനിടെ 6 പണ്ഡിറ്റുകളാണു കൊല്ലപ്പെട്ടത്.

നാഷനൽ കോൺഫറൻസും പിഡിപിയും അടക്കമുള്ള ഗുപ്കർ സഖ്യം സംസ്ഥാന പദവിയും പ്രത്യേക പദവിയും തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെടുമ്പോൾ ജമ്മു മേഖലയിലെ പാർട്ടികളും കോൺഗ്രസും സംസ്ഥാനപദവി മാത്രമാണ് ആവശ്യപ്പെടുന്നത്.

ഒക്ടോബർ–നവംബർ സമയത്തു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബിജെപിക്കു നിർണായകമാകും. ഫാറൂഖ് അബ്ദുല്ലയും മെഹബൂബ മുഫ്തിയും ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്ന ഗുപ്കർ സഖ്യമാകും പ്രധാന എതിരാളി. പ്രാദേശിക പാർട്ടിക‌ളുമായി സഖ്യമുണ്ടാക്കാനായിരിക്കും കോൺഗ്രസ് ശ്രമിക്കുക.

സീറ്റുകളുടെ എണ്ണം കൂടി; ബിജെപിക്ക് നേട്ടമാകും

മണ്ഡല പുനർനിർണയ കമ്മിഷൻ റിപ്പോർട്ട് വിവാദ വിഷയമാണ്. റിപ്പോർട്ട് അനുസരിച്ച് കശ്മീരിൽ നിലവിലുള്ള 46 സീറ്റ് 47 ആകും. അതേസമയം ജമ്മുവിൽ 37 എന്നത് 43 ആകും. 2011ലെ ജനസംഖ്യാ കണക്ക് അനുസരിച്ച് കശ്മീരിൽ ജമ്മുവിനെ അപേക്ഷിച്ച് 14 ലക്ഷം പേർ കൂടുതലാണ്. അങ്ങനെ നോക്കുമ്പോൾ കശ്മീരിൽ 53 സീറ്റും ജമ്മുവിൽ 39 സീറ്റും ആണ് ഉണ്ടാവേണ്ടത്. ഇപ്പോഴത്തെ സീറ്റുനില അനുസരിച്ച് ബിജെപിയുടെ ശക്തികേന്ദ്രമായ ജമ്മുവിനു പ്രാതിനിധ്യം കൂടുതലാണെന്നാണ് ആക്ഷേപം. ജമ്മു മേഖലയിൽ വർധിച്ച 6 സീറ്റും ബിജെപി ശക്തികേന്ദ്രങ്ങളിലാണ്. മണ്ഡല അതിർത്തി നിർണയം ജമ്മു മേഖലയിലെ മുസ്‌ലിംകളുടെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിലാണ്.

English Summary: Jammu Kashmir awaiting election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}