പിഎഫ് പെൻഷൻ: പുതിയ ബാധ്യതയില്ലെന്ന വാദം അംഗീകരിച്ച് സുപ്രീം കോടതി

supreme-court-of-india
സുപ്രീം കോടതി
SHARE

ന്യൂഡൽഹി ∙ ഒരു ഫണ്ടിൽനിന്നു മറ്റൊരു ഫണ്ടിലേക്കു മാറ്റുന്ന രീതിയിലാണ് പ്രോവിഡന്റ് ഫണ്ടും പെൻഷൻ പദ്ധതിയും പ്രവർത്തിക്കുന്നതെന്നും കേന്ദ്ര സർക്കാരിനു ഇതുവഴി പുതിയ ബാധ്യത ഉണ്ടാകുന്നില്ലെന്നുമുള്ള വാദത്തോടു സുപ്രീം കോടതി യോജിച്ചു. പിഎഫ് പെൻഷൻ കേസിലെ വാദം അന്തിമഘട്ടത്തിലേക്കു കടന്നിരിക്കെയാണിത്.

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ‍ അനുവദിക്കുന്നതു സർക്കാരിനു കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണു സർക്കാരും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും വാദിക്കുന്നത്. ജീവനക്കാർക്കു വേണ്ടിയുള്ള വാദം10ന് തുടരും. 

പെൻഷൻ പദ്ധതിയിലേക്കായാലും പ്രോവിഡന്റ് ഫണ്ടിലേക്കായാലും ഒരേ നിക്ഷേപമാണെന്നും ഫണ്ട് ശരിയാംവണ്ണം കൈകാര്യം ചെയ്താൽ ഇരു പദ്ധതികളും മുന്നോട്ടു കൊണ്ടുപോകാവുന്നതേയുള്ളുവെന്നും വാദം കേൾക്കുന്നതിനിടെ കോടതി വാക്കാൽ നിരീക്ഷിച്ചു. ജീവനക്കാർക്കു വേണ്ടി ആർ.ബസന്ത്, ഗോപാൽ ശങ്കരനാരായണൻ, ചിദംബരേഷ്, പി.എൻ. രവീന്ദ്രൻ, എ.എസ്. നദ്കർണി, വികാസ് സിങ്, മീനാക്ഷി അറോറ, നിഷേ രാജൻ ശങ്കർ, സി.കെ. ശശി, റോയ് ഏബ്രഹാം, പി.എസ്. സുധീർ, മനോജ് വി. ജോർജ് തുടങ്ങിയവർ ഹാജരായി.

കഴിഞ്ഞദിവസം, മലപ്പുറം സഹകരണ ബാങ്ക് ജീവനക്കാർക്കു വേണ്ടി ഹാജരായ ജയന്ത് മുത്തുരാജ് ഉന്നയിച്ച വാദങ്ങൾ ഇന്നലെയും കോടതിയിൽ ആവർത്തിക്കപ്പെട്ടു. ഇന്നലെ ഉന്നയിക്കപ്പെട്ട പ്രധാനവാദങ്ങൾ:

∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി വിഹിതം നൽകാൻ വീണ്ടും സംയുക്ത ഓപ്ഷൻ നൽകുന്ന രീതി ശരിയല്ല. പെൻഷൻ പദ്ധതിയിലേക്കു ചേരുമ്പോൾ തന്നെ ഉയർന്ന വിഹിതം സ്വീകരിക്കുന്നതു സംബന്ധിച്ച വകുപ്പുണ്ട്. അതുകൊണ്ട് പദ്ധതിയിൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി വിഹിതം നൽകുന്നവർ രണ്ടാമത് പെൻഷൻ പദ്ധതിയിലേക്കു പ്രത്യേക ഓപ്ഷൻ നൽകണമെന്ന നിബന്ധന നിലനിൽക്കില്ല.

∙ പെൻഷന് ആശ്രയിക്കുന്ന ശമ്പളം, അവസാന 12 മാസത്തിനുപകരം 60 മാസം അടിസ്ഥാനമാക്കി കണക്കാക്കാനുള്ള ഭേദഗതി ശരിയല്ല. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ഫലത്തിൽ പെൻഷൻ. അവസാനം വാങ്ങിയ ശമ്പളത്തിനോടു ചേർന്നായിരിക്കും എല്ലാവരും ജീവിതം ക്രമീകരിക്കുക.

∙ ഉയർന്ന വിഹിതം നൽകാൻ 2004നു ശേഷമുള്ളവർക്കു കഴിയില്ലെന്ന കട്ട് ഓഫ് ഡേറ്റ് രീതി ശരിയല്ല. ഇക്കാര്യം നേരത്തെ, കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തീർപ്പായതാണ്. 

∙ ഉയർന്ന ശമ്പളത്തിന് ആനുപാതിക വിഹിതം നൽകാനുള്ള ഓപ്ഷൻ പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്ന 2014നു ശേഷം സ്വീകരിക്കാതിരിക്കുകയും പിന്നീട് ഇങ്ങനൊരു ഓപ്ഷൻ അന്നു നൽകിയില്ലെന്നുമുള്ള സർക്കാരിന്റെ വാദം ഭരണഘടനവിരുദ്ധമാണ്.

∙ 15,000 രൂപ വരെയുള്ള ശമ്പളപരിധിയിൽ കൈകാര്യച്ചെലവായി സർക്കാർ നൽകുന്ന 1.16% വിഹിതം അംഗങ്ങൾ നൽകണമെന്നു പറഞ്ഞത് നിയമവിരുദ്ധമാണ്. ഈ ബാധ്യത തൊഴിലാളികളുടേതാക്കാനുള്ള ശ്രമം നിയമപ്രകാരം ശരിയല്ല.

Content Highlight: Provident Fund pension

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}