ADVERTISEMENT

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തേക്കും. ഇരുവർക്കും ഓഹരി വിഹിതമുള്ള യങ് ഇന്ത്യൻ ലിമിറ്റഡിലേക്ക് വ്യാജ കമ്പനികളിലൂടെ പണം കൈമാറിയെന്ന അന്വേഷണ സംഘത്തിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. 

യങ് ഇന്ത്യൻ കമ്പനി സിഇഒയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയെ കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ഇരുവരെയും വിളിപ്പിക്കാനാണു നീക്കം. കഴിഞ്ഞ ദിവസം കമ്പനിയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാവും ചോദ്യം ചെയ്യൽ. 

വ്യാജ കമ്പനികളുടെ പേരിൽ നടത്തിയ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് ഇഡിയുടെ നിഗമനം. എന്നാൽ, എല്ലാ ഇടപാടുകളും നിയമപരമായിരുന്നുവെന്നും അവയ്ക്കെല്ലാം രേഖകളുണ്ടെന്നും വാദിക്കുന്ന കോൺഗ്രസ്, ഇഡി നടപടി പ്രതികാര രാഷ്ട്രീയമാണെന്നും അതിനെ നേരിടുമെന്നും വ്യക്തമാക്കുന്നു. 

നാഷനൽ ഹെറൾഡിന്റെ പ്രസാധകരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും സ്വത്തും ഏറ്റെടുത്ത യങ് ഇന്ത്യൻ കമ്പനിയിൽ സോണിയയ്ക്കും രാഹുലിനും ചേർന്ന് 76 % ഓഹരിയുണ്ട്. 50 ലക്ഷം രൂപ നൽകി എജെഎല്ലിന്റെ ബാധ്യതകളും കടങ്ങളും ഏറ്റെടുത്തതോടെ 2000 കോടി രൂപയുടെ സ്വത്ത് ഇവർ സ്വന്തമാക്കിയെന്ന് കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയാണ് ഇഡി അന്വേഷിക്കുന്നത്. 

എജെഎല്ലിനു നൽകിയ 50 ലക്ഷം രൂപ കൊൽക്കത്ത ആസ്ഥാനമായ ഡോട്ടെക്സ് മെർച്ചൻഡൈസ് എന്ന വ്യാജ കമ്പനി വഴിയാണ് യങ് ഇന്ത്യനിലെത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 

English Summary: Sonia Gandhi and Rahul Gandhi to be questioned again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com