ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ്–5 ശ്രീലങ്കയിലേക്ക്; ഇന്ത്യയ്‌ക്ക് ഭീഷണി, എതിർപ്പ്

china-ship
ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ്–5 (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ്–5 ന്റെ ആഗമന ഉദ്ദേശ്യം ഇന്ത്യ ‘വിശദമായി’ ചോദിച്ചതോടെ, കപ്പലിന്റെ വരവു നീട്ടിവയ്ക്കാൻ ചൈനയോടു ശ്രീലങ്ക ആവശ്യപ്പെട്ടു. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണു കപ്പൽ ഹംബൻതോട്ട തുറമുഖത്തെത്തുമെന്ന് ആദ്യം അറിയിച്ചിരുന്നത്. ഓഗസ്റ്റ് 11ന് കപ്പലെത്തുമെന്നാണു ചൈനയുടെ പുതിയ നിലപാട്. തയാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യ സ്വരം കടുപ്പിച്ചത്.

ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിരീക്ഷണത്തിനാണ് എത്തുന്നതെന്നു വിലയിരുത്തിയിരുന്നു. കൂടുതൽ ചർച്ചകൾക്കു ശേഷം കപ്പലിന്റെ വരവിൽ തീരുമാനമെടുക്കാമെന്നും അതുവരെ യാത്ര നീട്ടണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ ചൈനീസ് എംബസിക്കു കത്തു നൽകി.

ശ്രീലങ്കയുടെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിരിക്കെ അതിൽനിന്നു നേട്ടമുണ്ടാക്കാനാണു ചൈനയുടെ നീക്കം. വർഷങ്ങളായി ഇന്ത്യയിലെ സുരക്ഷാതന്ത്രജ്ഞർ ഭയന്നിരുന്നതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഹംബൻതോട്ട വികസിപ്പിക്കുന്നവർക്ക് 99 വർഷത്തേക്കു തുറമുഖം പ്രവർത്തനത്തിനു നൽകാമെന്നായിരുന്നു ഓഫർ. കരാർ ലഭിച്ചതു ചൈനയ്ക്കാണ്. ചരക്കുകപ്പലുകൾക്കു മാത്രമാണു പ്രവർത്തനാനുമതി. സൈനിക കപ്പലുകൾക്ക് തുറമുഖത്ത് എത്തണമെങ്കിൽ ശ്രീലങ്കയുടെ അനുമതി ആവശ്യമാണ്.

പര്യവേക്ഷണക്കപ്പൽ അയയ്ക്കാൻ ചൈന സമ്മതം തേടുമ്പോൾ ഗോട്ടബയ രാജപക്സെയായിരുന്നു ശ്രീലങ്കയുടെ പ്രസിഡന്റ്. രാജപക്സെ അനുമതിയും നൽകി. ജനകീയ വിപ്ലവത്തെത്തുടർന്ന് ഗോട്ടബയ നാടുവിട്ടപ്പോൾ അധികാരത്തിലെത്തിയ റനിൽ വിക്രമസിംഗെ ഭരണകൂടമാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.

ഹംബൻതോട്ടയിൽ ചരക്കുകപ്പലുകളെത്താൻ മാത്രമേ ശ്രീലങ്ക ചൈനയ്ക്ക് അനുവാദം നൽകിയിട്ടുള്ളൂവെന്നും 1987ൽ ഇന്ത്യയുമായി ലങ്ക ഒപ്പിട്ട കരാറനുസരിച്ച് ഇന്ത്യയുടെ കൂടി സമ്മതമില്ലാതെ ലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനികക്കപ്പലുകളെ പ്രവേശിപ്പിക്കരുതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

പുതിയ സാഹചര്യത്തിൽ ശ്രീലങ്കയുടെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ കടുത്ത ധർമസങ്കടത്തിലാണ്. ചൈനയും ഇന്ത്യയുമാണ് ലങ്കയുടെ പ്രധാന സാമ്പത്തിക സഹായികൾ. ഇരുവരെയും പിണക്കാനാകില്ല. ചൈന അയയ്ക്കുന്ന കപ്പൽ കടലിന്റെ അടിത്തട്ടിലെ മുങ്ങിക്കപ്പലുകൾ മുതൽ ശൂന്യാകാശത്തെ ഉപഗ്രഹങ്ങൾ വരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളോടുകൂടിയതാണെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങളും സാറ്റലൈറ്റ് വിക്ഷേപണങ്ങളും നിരീക്ഷണ സാറ്റലൈറ്റുകളുടെ കൃത്യമായ സ്ഥാനവും മറ്റും മനസ്സിലാക്കാൻ ഇതുവഴി സാധിക്കും. മാത്രമല്ല, മുങ്ങിക്കപ്പലുകളുടെ പ്രവർത്തനത്തിനായി അറിഞ്ഞിരിക്കേണ്ട കടലിന്റെ ആഴങ്ങളിലെ ഊഷ്മാവ് അളക്കാനും ഇന്ത്യൻ മുങ്ങിക്കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് കപ്പൽ എത്തുന്നതെന്നും ഇന്ത്യ ഭയക്കുന്നു.

ഇന്ത്യയുടെ സമ്മർദത്തെത്തുടർന്ന് കപ്പലിന്റെ സന്ദർശനം തൽക്കാലത്തേക്കു മാറ്റിവയ്ക്കാമോ എന്നു ചോദിക്കാൻ മാത്രമേ ഇതുവരെ റനിൽ ഭരണകൂടത്തിനു കഴിഞ്ഞിട്ടുള്ളൂ. ചൈനയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് കൊളംബോയും ഇന്ത്യയും.

English Summary: Chineese ship sailing towards Srilanka

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}