മുഖ്യമന്ത്രി കേന്ദ്രത്തോട്; ഗതാഗത പദ്ധതികൾക്ക് അംഗീകാരം വൈകരുത്

niti
ന്യൂഡൽഹിയിൽ നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരോടൊപ്പം. മുഖ്യമന്ത്രി പിണറായി വിജയനെയും കാണാം (മുൻനിരയിൽ വലത്തു നിന്നു രണ്ടാമത്).
SHARE

ന്യൂഡൽഹി∙ സിൽവർലൈൻ ഉൾപ്പെടെ കേരളത്തിന്റെ റെയിൽ–വ്യോമ പദ്ധതികൾക്ക് കേന്ദ്രം ഉടൻ അംഗീകാരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഗതാഗത രംഗം ആധുനികവൽക്കരിക്കുന്നതിനു ദേശീയപാത വികസനമടക്കം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന വിഷയങ്ങളിൽ (സ്റ്റേറ്റ് ലിസ്റ്റ്) നിയമനിർമാണം നടത്തുന്നതിൽ നിന്നു കേന്ദ്രം വിട്ടുനിൽക്കണം. ഫെഡറൽ തത്വങ്ങൾക്കു വെല്ലുവിളി സൃഷ്ടിക്കരുത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണത്തിന് അധികാരമുള്ള കൺകറന്റ് പട്ടികയിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളം മുന്നോട്ടുവച്ച ആവശ്യങ്ങൾ

∙ അവശ്യ സാധനങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തിയതു പുനഃപരിശോധിക്കണം. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 5 വർഷത്തേക്കു കൂടി നീട്ടണം.

∙ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് നിയമ പരിഹാരം ഉണ്ടാകണം.

∙ കേരളത്തിന്റെ വായ്പ പരിധി ഉയർത്തണം, ഭവനനിർമാണത്തിനുള്ള പിഎംഎവൈ നഗര-ഗ്രാമ പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിക്കണം. വികേന്ദ്രീകൃത പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള കേരളത്തിന് കേന്ദ്രവിഹിതം നൽകുമ്പോൾ ഇക്കാര്യം കൂടി പരിഗണിക്കണം.

∙ തീരസംരക്ഷണ നടപടികൾ മെച്ചപ്പെടുത്തുന്നതിനു പിന്തുണ വേണം. മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണം

∙ തേങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾക്കും ടിഷ്യു കൾചർ തെങ്ങിൻ തൈ ഉൽപാദനത്തിനും ഗവേഷണ–വികസന–സാമ്പത്തിക സഹായം നൽകണം.

∙ പാമൊലിൻ ഉൽപാദനത്തിന് കേരളത്തിൽ കൂടുതൽ യൂണിറ്റുകൾക്കു പിന്തുണ നൽകണം.

കോവിഡ് പ്രതിരോധം: സംസ്ഥാനങ്ങളെ അഭിനന്ദിച്ച് മോദി

ന്യൂഡൽഹി∙ കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ശ്രദ്ധേയമായ സ്ഥാനം ലഭിച്ചതിനു പിന്നിൽ സംസ്ഥാനങ്ങളുടെ കൂട്ടായ പരിശ്രമമാണെന്നു നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കോവിഡ് കാലത്ത് ഫെഡറൽ തത്വങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിനു മാതൃകയായി. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയി‍ൽ എല്ലാ സംസ്ഥാനങ്ങളുടെയും പങ്കാളിത്തം വേണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. 

2019 ന് ശേഷം ആദ്യമായിട്ടാണ് ഗവേണിങ് കൗൺസിൽ യോഗം നേരിട്ടു നടക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരൊഴികെ 23 മുഖ്യമന്ത്രിമാർ, 3 ലഫ്റ്റനന്റ് ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, സിഇഒ പരമേശ്വരൻ അയ്യർ എന്നിവർ പങ്കെടുത്തു.

സംസ്ഥാനങ്ങളോടുള്ള കേന്ദ്രനയത്തിൽ പ്രതിഷേധിച്ചാണ് തെലങ്കാന യോഗം ബഹിഷ്കരിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരോഗ്യപ്രശ്നങ്ങൾ മൂലം വിട്ടുനിന്നുവെന്നാണു നിതി ആയോഗ് സിഇഒയുടെ വിശദീകരണം. നേരത്തേ, എൻഡിഎയുടെ ഭാഗമായിട്ടും മു‍ൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നൽകിയ അത്താഴവിരുന്നിൽനിന്നും നിതീഷ് വിട്ടുനിന്നിരുന്നു. 

കൃഷി വൈവിധ്യവൽകരണം, പയറുവർഗങ്ങൾ, എണ്ണക്കുരു ഉൽപാദനത്തിലെ സ്വാശ്രയത്വം, ദേശീയ വിദ്യാഭ്യാസ നയം, നഗരഭരണനിർവഹണം എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച.

English Summary: NITI Aayog governing council meet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}