ADVERTISEMENT

ശ്രീഹരിക്കോട്ട ∙ കാർമേഘം മൂടിയ ആകാശത്തെ കീറിമുറിച്ചാണ് ഇന്നലെ രാവിലെ 9.18ന് എസ്എസ്എൽവി കുതിച്ചുയർന്നത്. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങൾ സുഗമമായി പൂർത്തിയാക്കി ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് എസ്എസ്എൽവി കുതിച്ചപ്പോൾ വിജയവാർത്തയ്ക്കാണ് ഏവരും കാതോർത്തത്. ഉപഗ്രഹങ്ങൾ വിജയകരമായി പേടകത്തിൽ നിന്നു വിട്ടുമാറിയെങ്കിലും ലക്ഷ്യത്തിലെത്താതെ വീണുപോയി.

ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കുന്ന വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂൾ (വിടിഎം) ജ്വലിക്കുന്നതിൽ തകരാറുണ്ടായി. ഇതിന്റെ സെൻസറുകൾക്കായിരുന്നു പ്രശ്നം. ഇതോടെ കൺട്രോൾ റൂം മൂകമായി.

ഉപഗ്രഹങ്ങൾ തിരികെപ്പിടിക്കാൻ ഐഎസ്ആർഒ സംഘം ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. എസ്എസ്എൽവി-ഡി1 ദൗത്യത്തിൽ ഉപഗ്രഹങ്ങളെ 356 കിലോമീറ്റർ ഉയരത്തിൽ ഭ്രമണപഥത്തിൽ എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ മറ്റൊരു ഭ്രമണപഥത്തിൽ പ്രവേശിച്ച ഉപഗ്രഹങ്ങൾ അവിടെ സ്ഥിരതയോടെ നിൽക്കാൻ കഴിയാതെ വീഴുകയായിരുന്നുവെന്നാണു വിലയിരുത്തൽ.

കേരളത്തിലെ 2 സ്കൂളുകളിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ നിർമിച്ച ആസാദിസാറ്റ് എന്ന ഉപഗ്രഹവും ഇക്കൂട്ടത്തിലുണ്ടായിരുന്നു.പ്രശ്നം പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് അടുത്ത ദൗത്യത്തിനു മുൻപ് കൂടുതൽ ഒരുക്കം നടത്തുമെന്നും കരുത്തോടെ തിരിച്ചുവരുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. 169 കോടി രൂപ ചെലവിലാണ് എസ്എസ്എൽവി വികസിപ്പിച്ചത്. അടുത്ത വിക്ഷേപണം 3 മുതൽ 4 മാസത്തിനുള്ളിൽ നടക്കുമെന്നാണു വിവരം.

English Summary: SSLV next launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com