ADVERTISEMENT

റാഞ്ചി (ജാർഖണ്ഡ്) ∙ ധൻബാദ് അഡീഷനൽ ജില്ലാ ജ‍‍ഡ്ജി ഉത്തം ആനന്ദിനെ (49) ഓട്ടോ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്കും മറ്റൊരു പ്രതിക്കും പ്രത്യേക സിബിഐ കോടതി മരണം വരെ തടവ് വിധിച്ചു. കഴിഞ്ഞവർഷം ജൂലൈ 28നാണ് പ്രഭാത സവാരിക്കിടയിൽ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയത്. ഓട്ടോ ഓടിച്ച ലഖൻ വർമ, ഒപ്പമുണ്ടായിരുന്ന രാഹു‍ൽ വർമ എന്നിവരെയാണ് ജഡ്ജി രജനീകാന്ത് പ​ഠക് ശിക്ഷിച്ചത്.

കോടതിക്കു സമീപം വച്ച് രാവിലെ അഞ്ചരയോടെ ജഡ്ജിയെ ഓട്ടോ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജഡ്ജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അന്നു തന്നെ മരിച്ചു. റോഡിന്റെ അരികു ചേർന്നു നടക്കുകയായിരുന്ന ജഡ്ജിയെ ബോധപൂർവം ഇടിച്ചിടുകയായിരുന്നുവെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

നേരത്തെ അന്വേഷണം നീളുന്നതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ജാർഖണ്ഡ് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. മൊബൈൽ മോഷ്ടിക്കാൻ വേണ്ടിയാണ് പ്രതികൾ കുറ്റകൃത്യം ചെയ്തതെന്ന സിബിഐയുടെ ആദ്യ റിപ്പോർട്ടിനെ ജാർഖണ്ഡ് ഹൈക്കോടതിയും വിമർശിച്ചിരുന്നു.

ജരിയയിലെ ബിജെപി എംഎൽഎയായിരുന്ന സഞ്ജീവ് സിങ്ങിന്റെ അടുപ്പക്കാരനായ രൺജയ് സിങ്ങിനെ 2017 ജനുവരിയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ അമൻ സിങ്ങിന്റെ ജാമ്യാപേക്ഷ ഉത്തം ആനന്ദിന്റെ കോടതി തള്ളിയത് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു.

 

English Summary: Dhanbad Judge Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com