വെങ്കയ്യ നായിഡു: നായകൻ, നാവിലെ നർമമൊഴി; സഭയുടെ യാത്രാമംഗളം

venkaiah-naidu-4
എം.വെങ്കയ്യ നായിഡു
SHARE

ന്യൂഡൽഹി ∙ ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ എം.വെങ്കയ്യ നായിഡുവിനു സഭയുടെ ഊഷ്മള യാത്രയയപ്പ്. സഭാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്ന ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ കക്ഷി നേതാക്കളും അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഉപരാഷ്ട്രപതി പദവിയിൽ നിന്നു നായിഡു നാളെ വിരമിക്കും. 

venkaiah-naidu-and-jagdeep-dhankar
നാളെ ഉപരാഷ്ട്രപതി പദവിയിൽ നിന്നു വിരമിക്കുന്ന എം. വെങ്കയ്യ നായിഡുവിനെ 11ന് സ്ഥാനമേൽക്കുന്ന പുതിയ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ സന്ദർശിച്ചപ്പോൾ. ചിത്രം: പിടിഐ

നായിഡു അധ്യക്ഷനായിരുന്ന കാലത്ത് സഭയുടെ പ്രവർത്തനശേഷി 70% വർധിച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി. ‘നായിഡുവിന്റെ പാരമ്പര്യം സഭയിൽ അദ്ദേഹത്തിന്റെ പിൻഗാമികൾക്കു പ്രചോദനമാകും. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് രാജ്യത്തിനു മുതൽക്കൂട്ടാണ്. ഒറ്റവരിയിൽ നർമം നിറച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ പ്രശസ്തമാണ്. കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ലാത്ത രീതിയിൽ വ്യക്തത നിറഞ്ഞതായിരുന്നു അവ. വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഭാഗമായപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിക്കു ദക്ഷിണേന്ത്യയിൽ സ്വാധീനം കുറവായിരുന്നു. അതേ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി അദ്ദേഹം വളർന്നു. അദ്ദേഹത്തിനൊപ്പം വർഷങ്ങളോളം ഞാൻ അടുത്തു പ്രവർത്തിച്ചിട്ടുണ്ട്. വിവിധ പദവികളിലെ ഉത്തരവാദിത്തങ്ങൾ ആത്മാർഥതയോടെ അദ്ദേഹം നിർവഹിച്ചു. രാജ്യത്തെ പ്രാദേശിക ഭാഷകളുടെ വളർച്ചയെ നായിഡു പ്രോൽസാഹിപ്പിച്ചു’– മോദി പറഞ്ഞു. 

വനിതാ സംവരണ ബില്ലിലടക്കം സമവായം വേണമെന്ന നായിഡുവിന്റെ വാക്കുകൾ യാഥാർഥ്യമാക്കാൻ കേന്ദ്രം മുൻകയ്യെടുക്കുമെന്നാണു പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഒരു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട നായിഡുവിന്റെ ബാല്യത്തെക്കുറിച്ച് പറഞ്ഞ ഡെറക് ഒബ്രയന്റെ (തൃണമൂൽ) വാക്കുകൾ നായിഡുവിനെ വികാരാധീനനാക്കി. സഭാധ്യക്ഷനായിരുന്ന 5 വർഷത്തിൽ ഒരിക്കലെങ്കിലും മോദിയെക്കൊണ്ട് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നൽകാൻ നായിഡു ശ്രമിച്ചുകാണുമെന്നും അതു നടന്നില്ലെന്നും ഡെറക് പറഞ്ഞു. 

രാജ്യസഭയ്ക്കുള്ള ആദരം നിലനിർത്താൻ എംപിമാർ മാന്യതയോടെയും സംയമനത്തോടെയും പെരുമാറണമെന്ന് മറുപടി പ്രസംഗത്തിൽ നായിഡു പറഞ്ഞു. എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി പദം ആഗ്രഹിച്ചിരുന്നതല്ല. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു. അതിനു വേണ്ടി പാർട്ടി വിടേണ്ടി വന്നു. സ്വന്തം പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ സഭയുടെ മൂല്യങ്ങൾ അംഗങ്ങൾ ഉയർത്തിപ്പിടിക്കണം. സഭയുടെ ക്രിയാത്മക പ്രവർത്തനം ഉറപ്പാക്കണം. സഭാചർച്ചകളുടെ രേഖകൾ മറ്റു പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എംപിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, പി.വി. അബ്ദുൽ വഹാബ് തുടങ്ങിയവരും പ്രസംഗിച്ചു. 

English Summary: Farewell to Venkaiah Naidu by rajyasabha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}