ADVERTISEMENT

ന്യൂഡൽഹി ∙ വൈദ്യുതി നിയമ ഭേദഗതി ബിൽ ജനവിരുദ്ധവും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ പുച്ഛിക്കുന്നതുമാണെന്ന് പ്രതിപക്ഷം ലോക്സഭയിൽ വിമർശിച്ചു. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സർക്കാർ വഴങ്ങാതിരുന്നപ്പോൾ ഇറങ്ങിപ്പോവുകയും രേഖകൾ കീറിയെറിയുകയും ചെയ്തു. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഊർജമന്ത്രി ആർ.കെ.സിങ് പറഞ്ഞു. 

രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കരുതെന്ന ഭരണഘടനാ നിർദേശം ബിൽ ലംഘിക്കുകയാണെന്ന് അവതരണത്തെ എതിർത്ത് ആദ്യം സംസാരിച്ച എൻ.കെ.പ്രേമചന്ദ്രൻ പറ‍ഞ്ഞു. ഒരു സ്ഥലത്ത് പല സംരംഭകർക്ക് വൈദ്യുതി വിതരണത്തിന് അനുമതി കൊടുക്കുന്നത് ചാർജ് വർധനയ്ക്കും സ്വകാര്യവൽക്കരണത്തിനും ഇടവരുത്തും. പൊതുപണമുപയോഗിച്ചു രൂപപ്പെടുത്തിയ സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബില്ലിനെ കേരളമടക്കം സംസ്ഥാനങ്ങൾ എതിർത്തതായും സംസ്ഥാനങ്ങളുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് എതിരാണിതെന്നും എ.എം.ആരിഫും ആരോപിച്ചു. 

പ്രതിപക്ഷത്തു നിന്ന് എതിർത്തു സംസാരിച്ച കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, മനീഷ് തിവാരി, തൃണമൂൽ കോൺഗ്രസ് നേതാവ് പ്രഫ. സൗഗത റോയ് എന്നിവരും ബിൽ അവതരിപ്പിക്കരുതെന്ന് നിർദേശിച്ചു. തമിഴ്നാട്ടിൽ പാവപ്പെട്ടവർക്ക് വർഷങ്ങളായി സൗജന്യ വൈദ്യുതി നൽകാറുണ്ടെന്നും അതിനെ ഈ ബിൽ ബാധിക്കുമെന്നും ടി.ആർ.ബാലു പറഞ്ഞു. 

ബഹളത്തിനിടെ സ്പീക്കർ ഓം ബിർല മന്ത്രിയെ സംസാരിക്കാൻ വിളിച്ചു. പ്രതിപക്ഷ ആരോപണങ്ങൾ നിഷേധിച്ച മന്ത്രി വിശദമായ ചർച്ചയ്ക്കു ശേഷമാണ് ബില്ലിലെ വ്യവസ്ഥകൾ തയാറാക്കിയതെന്നും പാവപ്പെട്ടവർക്കുള്ള സബ്സിഡിയും സൗജന്യങ്ങളുമൊന്നും നിർത്തില്ലെന്നും പറഞ്ഞു. 

ബിൽ അവതരിപ്പിക്കുന്നതു സംബന്ധിച്ച് വോട്ടെടുപ്പു വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സ്പീക്കർ നിഷേധിച്ചപ്പോൾ ഇറങ്ങിപ്പോയി. ഉച്ചയ്ക്കു ശേഷം ഊർജ സംരക്ഷണ ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. തുടർന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

പാർലമെന്റ് പിരിഞ്ഞു

ന്യൂഡൽഹി ∙ പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്കു പിരി‍ഞ്ഞു. രാജ്യസഭയിൽ ചെയർമാൻ എം. വെങ്കയ്യ നായിഡുവിന്റെ വിടവാങ്ങൽ പ്രസംഗവുമുണ്ടായിരുന്നു. 12നു പിരിയാനാണു നേരത്തേ നിശ്ചയിച്ചിരുന്നത്. ഈയാഴ്ച 2 അവധികളടക്കം ഉള്ളതിനാൽ നേരത്തേ പിരിയാൻ തീരുമാനിച്ചു. 

English Summary: Protest against electricity amendment bill in loksabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com