ADVERTISEMENT

ന്യൂഡൽഹി ∙ കുറച്ചുനാൾ മുൻപാണ്. തൂവെള്ള താടിയും കറുത്ത കൊമ്പൻ മീശയുമായി രാജ്യസഭയിൽ സംസാരിക്കാൻ എഴുന്നേറ്റ നടൻ സുരേഷ് ഗോപിയോടു സഭാധ്യക്ഷന്റെ കസേരയിൽ നിന്നൊരു ചോദ്യം: ഇതു താടിയാണോ മാസ്ക്കാണോ? പിന്നാലെ, സൂക്ഷിച്ചൊരു നോട്ടവും. തന്റെ പുതിയ ലുക്കാണെന്നു വിനയപുരസരം അറിയിച്ച സുരേഷ് ഗോപിയും ചിരിച്ചുപോയ നിമിഷം. മുന്നിൽവന്നവരുടെയെല്ലാം ഹൃദയത്തിൽ ഇടംനേടിയാണ് എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി പദത്തിൽ നിന്ന് ഇന്നു പടിയിറങ്ങുന്നത്. 

തപ്പാതെ തടയാതെ സംസാരിക്കുന്നവർക്കുള്ള റിയാലിറ്റി ഷോയിൽ രാഷ്ട്രീയക്കാർ പങ്കെടുത്താൽ വെങ്കയ്യ വിജയിയാകുമെന്ന കാര്യത്തിൽ ഒരിക്കല്ലെങ്കിലും അദ്ദേഹത്തെ കേട്ടിട്ടുള്ളവർക്കു സംശയമുണ്ടാകില്ല. സ്വന്തം ഭാഷയായ തെലുങ്കിലെ വഴക്കം ഇംഗ്ലിഷിലേക്കും ഹിന്ദിയിലേക്കും വളർത്തിയ അദ്ദേഹം മലയാളം ഉൾപ്പെടെ പല ഭാഷകളറിയുന്ന നേതാവായി; ആന്ധ്രയിൽ നിന്നു തന്നെയുള്ള മുൻ പ്രധാനമന്ത്രി നരസിംഹ റാവുവും ബഹുഭാഷാ സ്വാധീനം കൊണ്ടു പേരെടുത്തതു കൗതുകം. 

ഉപാരാഷ്ട്രപതിയല്ല, ഭാര്യ ഉഷയുടെ പതിയെന്ന നിലയിൽ തന്നെ താൻ സംതൃപ്തൻ എന്നു പറഞ്ഞ വെങ്കയ്യ, വാക്കു കൊണ്ടു മാത്രമല്ല ‘വർക്ക്’ കൊണ്ടും സ്വയം അടയാളപ്പെടുത്തിയാണ് ആസാദ് റോഡിലെ ഉപരാഷ്ട്രപതി ഭവനിൽ നിന്നിറങ്ങുന്നത്. ഡൽഹി വിട്ട് അത്യാവശ്യ യാത്രകൾ മാത്രം എന്ന ഉപരാഷ്ട്രപതിമാരുടെ പതിവ് വിട്ടു രാജ്യത്തെ മുഴുവൻ സംസ്ഥാന–കേന്ദ്രഭരണ പ്രദേശ തലസ്ഥാനങ്ങളിലും വെങ്കയ്യ എത്തി; ആയിരത്തിൽപരം ചടങ്ങുകളിൽ പങ്കെടുത്തു. സഞ്ചാരത്തിനിടെ ഗതാഗത നിയന്ത്രണവും മറ്റുമായി സാധാരണക്കാർക്കു വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഔദ്യോഗിക വസതിയിൽ ചെറിയൊരു ഹാൾ സജ്ജമാക്കി അത്യാവശ്യം ചടങ്ങുകൾ അങ്ങോട്ടു മാറ്റിയ ചരിത്രവും വെങ്കയ്യയ്ക്കു സ്വന്തം. 

സുഷമ സ്വരാജ്, രാജ്നാഥ് സിങ്, അരുൺ ജയ്റ്റ്ലി എന്നിവരെക്കാ‍ൾ ബിജെപിയിൽ നരേന്ദ്ര മോദിയുടെ വളർച്ചയെ അംഗീകരിച്ച നേതാവായിരുന്നു വെങ്കയ്യ. ഗുജറാത്ത് കലാപ കാലത്തു മോദി മുഖ്യമന്ത്രി പദം ഒഴിയണമെന്നു വാജ്‍പേയി നിലപാട് എടുത്തപ്പോൾ തിരുത്തിയത് എൽ.കെ.അഡ്വാനിയായിരുന്നു. അഡ്വാനിയുടെ നിലപാട് വാജ്പേയിയെ ബോധ്യപ്പെടുത്തിയത് അന്നു പാർട്ടി അധ്യക്ഷൻ കൂടിയായ വെങ്കയ്യയും.

വർഷങ്ങൾക്കു ശേഷം അതേ മോദിയുടെ കീഴിൽ മന്ത്രിയായിരിക്കെയാണ് ഉപരാഷ്ട്രപതി പദം വെങ്കയ്യയെ തേടിയെത്തിയത്. തീരുമാനം മോദി അറിയിച്ചപ്പോൾ താൻ കരഞ്ഞുവെന്നു കഴിഞ്ഞദിവസം വെങ്കയ്യ വെളിപ്പെടുത്തി. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നതായിരുന്നു സങ്കടം; അത് അമ്മയെ ഉപേക്ഷിക്കുംപോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെങ്കയ്യയെന്ന വലിയ നേതാവിനെ സംബന്ധിച്ച് ഉപരാഷ്ട്രപതിപദത്തിനൊപ്പം സജീവരാഷ്ട്രീയത്തിൽനിന്നുള്ള പടിയിറക്കം കൂടിയാകും ഇത്. 

English Summary: Venkaiah Naidu to step down as vice president of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com