സംഘടനാ തിരഞ്ഞെടുപ്പ്: അധ്യക്ഷപദം ഏറ്റെടുക്കാൻ സമ്മതം മൂളാതെ രാഹുൽ

rahul-gandhi-6
രാഹുൽ ഗാന്ധി
SHARE

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടം 10 ദിവസത്തിനകം ആരംഭിക്കാനിരിക്കെ, വീണ്ടും ചുമതല ഏറ്റെടുക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി മൗനം തുടരുന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ രാഹുൽ സമ്മതമറിയിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഈ മാസം 20 മുതൽ സെപ്റ്റംബർ 20 വരെയാണു തിരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടം. 

പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രിയങ്ക ഗാന്ധി ദേശീയ നേതൃത്വത്തോടു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരു സോണിയ ഗാന്ധിയുടെ പിൻഗാമിയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. രാഹുൽ വീണ്ടും പ്രസിഡന്റാകണമെന്നാണു സോണിയയുടെ താൽപര്യം. 

വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി എന്നിവയടക്കം സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന ഏക നേതാവ് രാഹുലാണെന്നും നിലവിലെ അവസ്ഥയിൽ പാർട്ടിയെ നയിക്കാൻ മറ്റാരുമില്ലെന്നുമാണു കോൺഗ്രസിലെ ഭൂരിപക്ഷാഭിപ്രായം. അതേസമയം, പ്രിയങ്ക പ്രസിഡന്റാകണമെന്ന് രഹസ്യമായി വാദിക്കുന്നവരുമുണ്ട്. രാഹുലിന്റെ പ്രവർത്തന രീതിയിൽ അതൃപ്തിയുള്ളവരാണിവർ. പ്രസിഡന്റാകണമെന്ന ആഗ്രഹം പ്രിയങ്ക പ്രകടിപ്പിക്കാത്തിടത്തോളം അവരുടെ പേര് പരസ്യമായി ഉന്നയിക്കുക എളുപ്പമല്ല. 

കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ അറസ്റ്റിലായി പൊലീസ് സ്റ്റേഷനിൽ ചെലവിട്ട സമയത്ത് അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനെക്കുറിച്ച് എംപിമാർ രാഹുലുമായി സംസാരിച്ചു. കേന്ദ്രത്തിനെതിരെ പോരാടാൻ തനിക്കു പ്രസിഡന്റാകേണ്ട ആവശ്യമില്ലെന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുമ്പോഴേക്കും രാഹുലിന്റെ മനസ്സു മാറ്റാനാകുമെന്നാണു പ്രതീക്ഷ. 

സെപ്റ്റംബർ 7 നു തുടങ്ങുന്ന ഭാരതയാത്ര നയിച്ച് രാജ്യത്തുടനീളം സഞ്ചരിക്കുന്ന രാഹുലിനു മേൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ സംസ്ഥാന ഘടകങ്ങളിൽ നിന്നും സമ്മർദമേറും. രാഹുൽ രംഗത്തിറങ്ങിയാൽ മറ്റാരും അദ്ദേഹത്തിനെതിരെ മത്സരിക്കാൻ സാധ്യതയില്ല. സെപ്റ്റംബർ 20നാണു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. 

Content Highlight: Congress organizational election

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}