ADVERTISEMENT

ന്യൂഡൽഹി ∙ വിമതനേതാവ് ആർ.സി.പി.സിങ്ങിനെ ഉപയോഗിച്ച് ജനതാദൾ യുണൈറ്റഡ് (ജെഡിയു) പിളർത്താനുള്ള ബിജെപി നീക്കം മുളയിലേ നുള്ളി നിതീഷ് കുമാർ നടത്തിയ ദ്രുതനീക്കം ബിഹാർ രാഷ്ട്രീയത്തെ വീണ്ടും ചൂടുപിടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി ആർ.സി.പി.സിങ്ങിനുളള അടുപ്പമാണു നിതീഷിനെ അസ്വസ്ഥനാക്കിയത്. 

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയെ ഉപയോഗിച്ചു ശിവസേന പിളർത്തിയതുപോലെ ബിഹാറിൽ ജെഡിയു എംഎൽഎമാരെ അടർത്തിയെടുക്കാൻ സിങ്ങിനെ വച്ചു ബിജെപി നീക്കം തുടങ്ങിയതായി അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെയാണു ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് നിതീഷിന്റെ മലക്കംമറിച്ചിൽ.

ഈ കളിയിൽ കോൺഗ്രസാണ് കടന്നാക്രമണത്തിനു മുന്നിട്ടിറങ്ങിയത്. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ ബിജെപി വീഴ്ത്തിയതിനു പുറമേ, കോൺഗ്രസ് സഖ്യകക്ഷിയായ കർണാടക, മഹാരാഷ്ട്ര സർക്കാരുകളെയും ബിജെപി അട്ടിമറിച്ചതിന്റെ രോഷം നേതൃത്വത്തിനുണ്ട്. 

രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവിനോടു നിതീഷുമായി ധാരണയുണ്ടാക്കാൻ നിർബന്ധിച്ചതു കോൺഗ്രസാണ്. ജെഡിയുവിനെക്കാൾ അംഗങ്ങൾ ബിജെപിക്ക് ബിഹാർ നിയമസഭയിലുള്ളതിനാൽ, സർക്കാരിനെ നിലനിർത്താൻ പ്രതിരോധത്തെക്കാൾ ഉചിതം ആക്രമണമാണെന്നു നിതീഷിനും ബോധ്യപ്പെട്ടു. 

എംഎൽഎമാരെ ചാക്കിടാനുള്ള ബിജെപി ഹൈക്കമാൻഡ് നീക്കത്തിനു ചൂട്ടു പിടിക്കുകയാണു സിങ് എന്ന മുന്നറിയിപ്പ് ചില എംഎൽഎമാരും നൽകിയതോടെ നിതീഷ് മടിച്ചുനിന്നില്ല. ജെഡിയു എംഎൽഎമാരിൽ മാത്രമല്ല, കോൺഗ്രസിലെയും ആർജെഡിയിലെയും അംഗങ്ങളിലും ബിജെപിക്കു കണ്ണുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. 

എന്നാൽ, ബിഹാറിലെ എൻഡിഎയുടെ പതനം അംഗീകരിച്ചു ബിജെപിയോ നരേന്ദ്ര മോദിയോ പിൻവലിയുമെന്നു കരുതാനാവില്ല. ഏറ്റവും കൂടുതൽ എംപിമാരെ ലോക്സഭയിലേക്ക് അയക്കുന്ന രാജ്യത്തെ നാലാമത്തെ വലിയ സംസ്ഥാനമാണു ബിഹാർ (യുപിയാണ് ഒന്നാം സ്ഥാനത്ത്, മഹാരാഷ്ട്ര, ബംഗാൾ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലും). ഗവർണറുടെ അധികാരം ദുരുപയോഗം ചെയ്യുന്നതു മുതൽ പുതിയ ഭരണസഖ്യത്തെ ദുർബലമാക്കാൻ ലഭ്യമായ എല്ലാ വഴികളും ബിജെപി ഉപയോഗിക്കും. 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിങ്ങനെ കേന്ദ്ര ഏജൻസികൾ നിതീഷിന്റെ പുതിയ പിന്തുണക്കാരുടെ ഉറക്കം കെടുത്താനെത്തുമെന്നാണു വിമർശകരുടെ വിലയിരുത്തൽ. രാഷ്ട്രീയമായി നോക്കിയാൽ, നിലവിലെ സാഹചര്യം പരമാവധി മുതലെടുത്തു സംസ്ഥാനത്തെ 40 ലോക്സഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2024 ലെ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷി ഭാരമില്ലാതെ തനിച്ചു വിജയം നേടാനാവും ബിജെപിയുടെ ശ്രമം.

nitish-kumar-7

English Summary: Nitish Kumar leaves BJP alliance to avoid split in JDU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com