ADVERTISEMENT

ന്യൂ‍ഡൽഹി ∙ ബിജെപിയെ വെട്ടിലാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ എൻഡിഎ വിട്ട് വീണ്ടും പ്രതിപക്ഷ മഹാസഖ്യവുമായി കൈകോർത്തു. രാവിലെ ജെഡി(യു) യോഗത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ്, വൈകിട്ട് ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും ഗവർണർ ഫാഗു ചൗഹാനെ കണ്ട് പുതിയ സർക്കാരുണ്ടാക്കാൻ കത്തു നൽകി. ഇന്നു രണ്ടിനു നിതീഷ്കുമാർ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി സപ്തകക്ഷി മഹാസഖ്യം അധികാരമേൽക്കും.

bihar-statistics-JPG

കോൺഗ്രസും സിപിഐ (എംഎൽ), സിപിഎം, സിപിഐ എന്നീ ഇടതുകക്ഷികളും സഖ്യത്തിലുണ്ട്. മുൻ മുഖ്യമന്ത്രി ജീതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചയുടെ 4 അംഗങ്ങളും ഒരു സ്വതന്ത്രനും ഒപ്പം ചേർന്നതോടെ 242 അംഗ സഭയിൽ 164 പേരുടെ പിന്തുണയായി. ബിജെപിയും (77) അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമാണ് (1) പ്രതിപക്ഷത്തുള്ളത്. 243 അംഗ നിയമസഭയിൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

ഇന്നലെ രാവിലെ ജെഡി(യു) എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിനു ശേഷം ഗവർണർക്കു രാജിക്കത്തു നൽകിയ നിതീഷ്, പിന്നാലെ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ റാബറി ദേവിയുടെ വീട്ടിലെത്തി. കോൺഗ്രസ്, ഇടത് എംഎൽഎമാരും അവിടെയുണ്ടായിരുന്നു. ചർച്ചകൾക്കു ശേഷം മഹാസഖ്യവുമായി ചേരുകയാണെന്ന് നിതീഷ് പ്രഖ്യാപിച്ചു. നേതാവായി നിതീഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

35 അംഗ മന്ത്രിസഭയിൽ ജെഡി(യു), ആർജെഡി എന്നിവയ്ക്ക് 14 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. ആഭ്യന്തരവകുപ്പിന് ആർജെഡി അവകാശവാദമുന്നയിച്ചിട്ടുണ്ട്. കോൺഗ്രസിനു മൂന്നും ഇടതു പാർട്ടികൾക്ക് രണ്ടും മന്ത്രിസ്ഥാനങ്ങളുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്പീക്കറും കോൺഗ്രസിൽനിന്നായിരിക്കും.

ബിജെപിയെ ഭയന്ന് ഒരുമുഴം മുൻപേ

പൗരത്വ നിയമം തൊട്ട് അഗ്നിപഥ് പദ്ധതി വരെയുള്ള വിഷയങ്ങളിൽ ബിജെപി നിലപാടിനെ നിതീഷ് എതിർത്തിരുന്നു. ജെഡി(യു) നേതാവ് ആർ.സി.പി.സിങ്ങിനെ തന്നോട് ആലോചിക്കാതെ ബിജെപി കേന്ദ്രമന്ത്രിയാക്കിയതിലും അമർഷമുണ്ടായിരുന്നു. ആർ.സി.പി.സിങ്ങിന്റെ രാജ്യസഭാ കാലാവധി നീട്ടിക്കൊടുക്കാതെ രാജിവയ്പ്പിച്ച് അതു പ്രകടമാക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച പാർട്ടി വിട്ട സിങ്ങിനെ ഉപയോഗിച്ച് ജെഡി(യു) പിളർത്തി, മഹാരാഷ്ട്ര മോഡൽ അട്ടിമറിക്കു ബിജെപി ശ്രമിക്കുകയാണെന്നു നിതീഷ് സംശയിച്ചു. ഒരു മുഴം മുൻപേയെറിഞ്ഞ് കസേര നിലനിർത്തുകയും ചെയ്തു. ജെഡി(യു) മുന്നണി വിട്ടതോടെ ഉത്തരേന്ത്യയിൽ ബിജെപിക്ക് ഇനി വലിയ സഖ്യകക്ഷികളില്ല.

നിതീഷിന്റെ ചാഞ്ചാട്ടങ്ങൾ

ഒൻപതു വർഷത്തിനിടെ രണ്ടാം തവണയാണ് നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ ജെഡി(യു) എൻഡിഎ വിടുന്നത്. 2013 ൽ നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായപ്പോഴാണ് ആദ്യം മുന്നണി വിട്ടത്. സംസ്ഥാന ഭരണത്തെ ബാധിച്ചില്ലെങ്കിലും 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി ബിഹാറിൽ മികച്ച പ്രകടനം കാഴ്ചവച്ചതു നിതീഷിനു തിരിച്ചടിയായി. തൊട്ടടുത്തവർഷം ജെഡി(യു)– ആർജെ‍ഡി– കോൺഗ്രസ് മഹാസഖ്യം രൂപം കൊണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് ഭരണം നിലനിർത്തുകയും ചെയ്തു. എന്നാൽ 2017 ൽ ആർജെഡിയുമായി ഇടഞ്ഞ് വീണ്ടും ബിജെപിക്കൊപ്പം കൂടി. നിതീഷ് തന്നെ മുഖ്യമന്ത്രിയായി. 

മോദി–നിതീഷ് സഖ്യം 2019ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ മികച്ച വിജയം നേടി. എന്നാൽ, 2020 ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കഷ്ടിച്ചു കടന്നുകൂടാനേ കഴിഞ്ഞുള്ളു. ജെഡി(യു) അംഗബലം കുറയുകയും ബിജെപി മേൽക്കൈ നേടുകയും ചെയ്തു. നിതീഷ് മുഖ്യമന്ത്രിസ്ഥാനം നിലനിർത്തി. ഇപ്പോൾ മഹാസഖ്യം വീണ്ടും അധികാരത്തിലെത്തുമ്പോൾ നിതീഷ് തന്നെ അമരത്ത്. 

English Summary: Nitish Kumar to form government in bihar in alliance with RJD and Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com