ADVERTISEMENT

ന്യൂഡൽഹി ∙ വിവാഹബന്ധത്തിൽ അല്ലാതെ പിറന്ന കുട്ടി എന്നു ധ്വനിപ്പിക്കുന്ന പരാമർശങ്ങൾ ദത്തെടുക്കൽ നിയമങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നു പാർലമെന്ററി സ്ഥിരം സമിതി ശുപാർശ ചെയ്തു. മതങ്ങൾക്കതീതമായി, ദത്തെടുക്കലും രക്ഷാകർതൃത്വവും സംബന്ധിച്ചു രാജ്യത്ത് ഏകീകൃത നിയമവും നിബന്ധനകളും വേണമെന്നു നിർദേശിക്കുന്ന റിപ്പോർട്ടിൽ, ദത്തെടുക്കുന്ന രക്ഷിതാക്കളുടെ സ്വത്തിനു കുട്ടിക്ക് അവകാശമുണ്ടാകണം എന്നതുൾപ്പെടെ ശുപാർശകളുമുണ്ട്. പഴ്സനേൽ, പൊതുപരാതി, നിയമ നീതി മന്ത്രാലയങ്ങൾക്കു വേണ്ടിയുള്ള പാർലമെന്ററികാര്യ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. 

പ്രധാന നിർദേശങ്ങൾ:

∙ 18 വയസ്സുവരെയുള്ള കുട്ടികളെ ദത്തെടുക്കാം എന്ന ഒറ്റ നിബന്ധന കൊണ്ടുവരണം. നിലവിൽ ഹിന്ദു ദത്തെടുക്കൽ നിയമത്തിൽ 15 വയസ്സുവരെയുള്ള കുട്ടികളെ മാത്രമേ ദത്തെടുക്കാനാകു. 

∙ ദത്തെടുക്കൽ നിയമത്തിന്റെ പരിധിയിൽ ട്രാൻസ്ജെൻഡർ ഉൾപ്പെടെ വിഭാഗങ്ങളെയും ഉൾപ്പെടുത്തണം.

∙ ദത്തെടുക്കുന്നയാളും കുട്ടിയും തമ്മിൽ കുറഞ്ഞത് 25 വയസ്സിന്റെ വ്യത്യാസമുണ്ടാകണം, ദത്തെടുക്കുന്നവരുടെ യോഗ്യതകൾ കൃത്യമായി നിർവചിക്കണം, ശിശുകേന്ദ്രങ്ങളിൽ കൂടുതൽ കാലം കഴിയും മുൻപു തന്നെ കുട്ടിയെ ദത്തു നൽകണം.

∙ ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങൾ വനിത ശിശുക്ഷേമ മന്ത്രാലയവും നിയമ മന്ത്രാലയവും കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ട്. ഇതു മാറ്റി ഒറ്റ മന്ത്രാലയത്തിനു കീഴിലാക്കണം.

∙ കുട്ടിയുടെ തന്നെ ബന്ധുക്കളാണ് ദത്തെടുക്കുന്നതെങ്കിൽ നടപടിക്രമം കൂടുതൽ ലളിതമാക്കണം.

∙ ദത്തായി നൽകുന്ന കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. വിവാഹേതര ബന്ധത്തിൽ പിറന്ന കുട്ടികളെന്നതോ അല്ലാത്തതോ എന്ന വേർതിരിവ് പാടില്ല.

ദത്തെടുക്കൽ കേന്ദ്രങ്ങളിൽ കഴിഞ്ഞ 5 വർഷത്തിനിടെ 762 കുട്ടികൾ മരിച്ചതായും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

English Summary: Parliamentary Panel on Child Adoption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com