കാലിക്കടത്ത് കേസ്: തൃണമൂൽ നേതാവ് അനുബ്രത മണ്ഡൽ അറസ്റ്റിൽ

HIGHLIGHTS
  • സിബിഐ നടപടി മമതയുടെ വിശ്വസ്തനെതിരെ
Anubrata Mondal | CBI | (Photo - Twitter/@ANI)
അനുബ്രത മൊണ്ടാൽ (Photo - Twitter/@ANI)
SHARE

കൊൽക്കത്ത ∙ ബംഗാളിൽ കാലിക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് അനുബ്രത മണ്ഡലിനെ (61) സിബിഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 3 ദിവസത്തിനിടയിൽ 2 തവണ നോട്ടിസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതെ ബോൽപുരിലെ വീട്ടിലേക്കു പോയ മണ്ഡലിനെ കേന്ദ്രസേനയുടെ സഹായത്തോടെ വീടുവളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ സഹകരിക്കാതെ വന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും കേസിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി വ്യക്തമായ തെളിവുകൾ ലഭിച്ചതായും സിബിഐ വ്യക്തമാക്കി. മണ്ഡലിന് 14 ദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്ന് നിർദേശിച്ച ബോൽപുർ ആശുപത്രിയിലെ ഡോക്ടറെയും ചോദ്യം ചെയ്യും. 

തൃണമൂൽ കോൺഗ്രസിന്റെ ബിർഭും ജില്ലാ പ്രസിഡന്റും തീപ്പൊരി നേതാവുമായ മണ്ഡൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ‘ബാഹുബലി’ എന്നാണ് അറിയപ്പെടുന്നത്. ബിർഭും മേഖലയിലെ 11 സീറ്റിൽ 10 എണ്ണവും തൃണമൂൽ നേടിയതിനു പിന്നിൽ പാർട്ടി ദേശീയ വർക്കിങ് കമ്മിറ്റി അംഗം കൂടിയായ മണ്ഡലിന്റെ സ്വാധീനമാണ്. അതേസമയം, വലിയ ഗുണ്ടാസംഘത്തെ മണ്ഡൽ പോറ്റുന്നതായാണ് എതിരാളികൾ പറയുന്നത്. പ്രതിപക്ഷ നേതാക്കളെയും പൊലീസിനെയും ഭീഷണിപ്പെടുത്തിയ നിരവധി കേസുകളിലും മണ്ഡൽ ഉൾപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബംഗാളിൽ ഉണ്ടായ അക്രമത്തിനു പിന്നിൽ മണ്ഡൽ ആണെന്നാണ് സിബിഐ ആരോപിക്കുന്നത്. 

സംഭവത്തിൽ കരുതലോടെയാണ് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചത്. വിഷയം ചർച്ച ചെയ്യാൻ പാർട്ടിയുടെ ഉന്നത നേതൃത്വം യോഗം ചേരുമെന്നും ഏതെങ്കിലും തരത്തിലുള്ള അഴിമതിയെ പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും പാർട്ടി എംപി ശന്തനു സെൻ പറഞ്ഞു. മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കണമെന്നും തൃണമൂൽ കഴുത്തറ്റം അഴിമതിയിൽ മുങ്ങിയെന്നാണ് മുൻ മന്ത്രി പാർഥ ചാറ്റർജിക്കു പിന്നാലെയുള്ള മണ്ഡലിന്റെ അറസ്റ്റ് തെളിയിക്കുന്നതെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. 

കാലിക്കടത്ത് കേസ് 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ബംഗ്ലദേശിലേക്ക് ആയിരക്കണക്കിന് കന്നുകാലികളെ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കടത്തി എന്നതാണ് സിബിഐ കേസ്. ഈ റാക്കറ്റിന്റെ പ്രധാന സൂത്രധാരനാണ് അനുബ്രത മണ്ഡൽ എന്ന് സിബിഐ പറയുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള നല്ല ഇനം കന്നുകാലികൾക്ക് ബംഗ്ലദേശിൽ ഉയർന്ന വില കിട്ടും. ഈ കേസിൽ നിരവധി ബിഎസ്എഫ് – പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്. 

English Summary: CBI arrests TMC's Anubrata Mondal in cattle smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA