ADVERTISEMENT

ന്യൂയോർക്ക് ∙ പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ അബ്ദുൽ റഊഫ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടനയുടെ വിലക്കുപട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും ശുപാർശ ചൈന തടഞ്ഞു. 

സംഘടനയുടെ ഉപമേധാവിയായ റഊഫിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് സമ്പാദ്യങ്ങൾ മരവിപ്പിക്കാനും യാത്രാവിലക്ക് ഏർപ്പെടുത്താനുമുള്ള നീക്കമാണു പരാജയപ്പെട്ടത്. 2 മാസത്തിനിടെ രണ്ടാം തവണയാണു പാക്കിസ്ഥാനുവേണ്ടി രക്ഷാസമിതി സ്ഥിരാംഗമായ ചൈനയുടെ ഇടപെടൽ. കഴിഞ്ഞ ജൂണിൽ പാക്ക് ഭീകരനായ അബ്ദുൽ റഹ്മാൻ മക്കിയെ യുഎൻ വിലക്കുപട്ടികയിൽ ഉൾപ്പെടുത്താനുള്ള സമാന നീക്കവും ചൈന തടഞ്ഞിരുന്നു. ലഷ്കറെ തയിബ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സായിദിന്റെ സഹോദര‌ീഭർത്താവാണു മക്കി. 

റഊഫിനും മക്കിക്കുമെതിരെ നിലവിൽ യുഎസിന്റെ ഉപരോധമുള്ളതാണ്. 1999 ൽ ഇന്ത്യൻ എയർലൈൻസ് വിമാനം അഫ്ഗാനിലെ കാണ്ടഹാറിലേക്കു തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ സൂത്രധാരനാണു റഊഫ്. അന്നു ബന്ദികളായ വിമാനയാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യയിൽ തടവിലായിരുന്ന മസൂദ് അസ്ഹറിനെ ഇന്ത്യയ്ക്കു വിട്ടുകൊടുക്കേണ്ടിവന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചൈനയുടെ ഇരട്ടത്താപ്പാണു ഈ നടപടിയിലൂടെ വ്യക്തമായതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

English Summary: China blocks India's move in United Nations Security Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com