പിഎഫ് കേസ്: അധികബാധ്യത അൽപമാത്രം; പ്രത്യേക ഓപ്ഷൻ വേണ്ട

HIGHLIGHTS
  • പിഎഫ് കേസിൽ പെൻഷൻകാരും ജീവനക്കാരുടെയും വാദം
Employees-Provident-Fund
SHARE

ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ ആവശ്യത്തിനു പണമുണ്ടെന്നും ഉയർന്ന പെൻഷൻ അനുവദിക്കുന്നതു സർക്കാരിനു ബാധ്യത സൃഷ്ടിക്കില്ലെന്നുമുള്ള ജീവനക്കാരുടെയും പെൻഷൻകാരുടെയും വാദത്തോടു സുപ്രീം കോടതി വാക്കാൽ യോജിച്ചു. 

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ അനുവദിച്ചാൽ ഇപിഎഫ് ഇല്ലാതാകുമെന്നും പെൻഷൻ പദ്ധതി നിലയ്ക്കുമെന്നും കേന്ദ്ര സർക്കാർ വാദിക്കുന്നതിനിടെ ഫണ്ടിൽ കുറവുവരില്ലെന്ന് ഇന്നലെയും വാദമുയർന്നു. ജീവനക്കാരുടെയും പെൻഷൻകാരുടെയും വാദം ഇന്നലെ പൂർത്തിയായി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) കേന്ദ്ര സർക്കാരും ഇന്നു മറുപടി നൽകുന്നതോടെ കേസ് വിധി പറയാനായി മാറ്റും. 

ഇന്നലെ കോടതിയിൽ

45 മിനിറ്റ് കൂടി അനുവദിക്കുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് പെൻഷൻകാർക്ക് ഇന്നലെ മുഴുവൻ സമയവും അനുവദിച്ചു. ഗോപാൽ ശങ്കരനാരായണനാണ് വാദം തുടങ്ങിയത്. ഉയർന്ന പെൻഷൻ എത്ര പേർക്ക് അനുവദിക്കേണ്ടി വരും, ഇതിന്റെ പ്രത്യാഘാതം എന്താണ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത നൽകാൻ ജസ്റ്റിസ് ലളിത് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇപിഎഫ്ഒയുടെ തന്നെ റിപ്പോർട്ട് പ്രകാരം, ഉയർന്ന പെൻഷൻ അനുവദിച്ചാലും കുറഞ്ഞ ബാധ്യത മാത്രമേ വരൂ എന്നും സഞ്ചിതനിധിയെ അതു ബാധിക്കില്ലെന്നും ഗോപാൽ ശങ്കരനാരായണൻ സമർഥിച്ചു. 

പെൻഷൻ പദ്ധതിക്കായി പ്രത്യേക ഓപ്ഷൻ നൽകേണ്ട കാര്യമില്ലെന്ന വാദവും ആവർത്തിക്കപ്പെട്ടു. പ്രോവിഡന്റ് ഫണ്ടിലേക്ക് നൽകുന്ന 12% വിഹിതത്തിൽ നിന്നാണ് 8.33% പെൻഷൻ ഫണ്ടിലേക്കു പോകുന്നത്. അതുകൊണ്ട്, ഒരിക്കൽ പ്രോവിഡന്റ് ഫണ്ടിന്റെ ഭാഗമായി കഴിഞ്ഞാൽ പിന്നീട് ഓപ്ഷൻ നൽകൽ ആവശ്യമില്ലെന്നായിരുന്നു വാദം. പെൻഷൻകാരുടെ വാദം 6 ഹൈക്കോടതികൾ അംഗീകരിച്ചതാണെന്ന വസ്തുത ബെഞ്ചിന്റെ ശ്രദ്ധയിൽപെടുത്തി.

ഗോപാൽ ശങ്കരനാരായണനു പുറമേ, സിദ്ധാർഥ് ഭട്നാഗർ, അനന്ത് പത്മനാഭൻ, നിഖിൽ ഗോയൽ, ദേബാഷിഷ് ബറൂഖ, നിഷേ രാജൻ ശങ്കർ, സി.കെ.ശശി, റോയ് ഏബ്രഹാം, പി.എസ്.സുധീർ, മനോജ് വി.ജോർജ് തുടങ്ങിയവരും ഹാജരായി.

English Summary: Provident Fund case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}