ADVERTISEMENT

ന്യൂഡൽഹി ∙ കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ മാറ്റുമെന്ന അഭ്യൂഹങ്ങൾ പരത്തുന്നത് ആരാണെന്ന് അന്വേഷിക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിനു കേന്ദ്രനേതൃത്വം നിർദേശം നൽകി. ഓരോ തവണയും ദേശീയ നേതാക്കൾ സംസ്ഥാനത്തെത്തുമ്പോൾ എന്തുകൊണ്ട് നേതൃമാറ്റ ചർച്ചകൾ വരുന്നു എന്ന് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെന്നാണു വിവരം. 

കർണാടകയിലെ ക്രമസമാധാന പ്രശ്നങ്ങളിലും ബൊമ്മെയുടെ ചില രീതികളിലും ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കിലും തൽക്കാലം നേതൃമാറ്റം വേണ്ട എന്ന ചിന്തയ്ക്കാണു മുൻതൂക്കം. 

ചില ബിജെപി എംഎൽഎമാർ തന്നെയാണു നേതൃമാറ്റം സംബന്ധിച്ചു പ്രസ്താവനകൾ നടത്തിയത്. ഇതോടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബെംഗളൂരു സന്ദർശിക്കുന്നത് മുഖ്യമന്ത്രിയെ മാറ്റാനാണെന്ന അഭ്യൂഹം ശക്തമായി. പ്രതിപക്ഷമായ കോൺഗ്രസും ഇക്കാര്യം ട്വീറ്റ് ചെയ്തു. 

ഹിജാബ് വിവാദം, മംഗളൂരുവിലെ വർഗീയ സംഘർഷം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തതിനോട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് നേതാക്കൾ സൂചിപ്പിച്ചു. മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന നേതൃത്വവുമായുമുള്ള സഹകരണവും അത്ര സുഗമമല്ലെന്നാണ് പറയപ്പെടുന്നത്. സംസ്ഥാന അധ്യക്ഷൻ നളിൻ കട്ടീലിനെ മാറ്റണമെന്ന് ചില നേതാക്കൾ അമിത്ഷായോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. 

എല്ലാം തൃപ്തികരമല്ലെങ്കിലും പാർട്ടിയിലും ഭരണത്തിലും ഇപ്പോൾ നേതൃമാറ്റം വേണോ എന്നതു സംബന്ധിച്ച് വിരുദ്ധ അഭിപ്രായങ്ങളുണ്ടെന്ന് മുതിർന്ന നേതാക്കളിലൊരാൾ പറഞ്ഞു. കട്ടീലിന്റെ കാലാവധി ഉടൻ കഴിയും. ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പു വരുന്നതിനാൽ നേതൃമാറ്റം ആശാസ്യമാണോ എന്നതിനെക്കുറിച്ച് സംസ്ഥാന നേതാക്കളിൽ രണ്ടഭിപ്രായമുണ്ട്. 

പാർട്ടി താൽപര്യങ്ങൾക്കാണ് എല്ലായ്പ്പോഴും ദേശീയ നേതൃത്വം മുൻതൂക്കം നൽകുന്നതെന്ന് ഉത്തരാഖണ്ഡ് അടക്കമുളള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ച് നേതാവ് പറഞ്ഞു. മോദി തീരുമാനിച്ച നേതാവാണ് ബസവരാജ് ബൊമ്മെ. മാറ്റുന്നെങ്കിൽ അതും ഉന്നതങ്ങളിൽനിന്നു തന്നെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Karnataka BJP politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com