ADVERTISEMENT

ന്യൂഡൽഹി ∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹ‍ർജികളാണു കോടതി പരിഗണിച്ചത്. 6 ദിവസം വാദം കേട്ട ശേഷമാണ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹ‍ർജികൾ വിധി പറയാനായി മാറ്റിയത്. 

വിഷയം കേന്ദ്രസർക്കാർ ഗൗരവമായി എടുക്കുന്നുവെന്ന് ഇന്നലെയും തൊഴിൽ മന്ത്രാലയം ആവർത്തിച്ചെങ്കിലും കേരള ഹൈക്കോടതി വിധിക്കു ശേഷവും ഇപിഎഫ്ഒയും കേന്ദ്ര സർക്കാരും തമ്മിൽ ആശയവിനിമയം ഉണ്ടായിട്ടില്ലെന്നു കോടതി സൂചിപ്പിച്ചു. ബാധ്യതയാകുമെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന പരാമർശവും കോടതിയിൽ നിന്നുണ്ടായി. അതേസമയം, പഴയ സർക്കുലർ ഉൾപ്പെടെ ചില രേഖകൾ ഇപിഎഫ്ഒ ഇന്നലെ കൈമാറി.

ഇപിഎഫ്ഒയുടെ മറുപടി:

പെൻഷൻ പദ്ധതിയിൽ കട്ട് ഓഫ് ഡേറ്റ് ഇല്ലാതെ വന്നാൽ പദ്ധതിയിൽ നിന്ന് എപ്പോൾ വേണമെങ്കിലും ജീവനക്കാരനു ഫണ്ട് പിൻവലിക്കാമെന്ന സ്ഥിതിയുണ്ടാകും. പ്രോവിഡന്റ് ഫണ്ടിന്റെയും പെൻഷൻ പദ്ധതിയുടെയും ആനുകൂല്യങ്ങളെ ഒന്നായി കാണാൻ കഴിയില്ല. പങ്കാളിത്ത പെൻഷനാണു പിഎഫിലേത്. നിശ്ചിത തുകയല്ല തിരിച്ചുകിട്ടുന്നത്. ഇതു മാറി വരാം. പെൻഷൻ നിർണയത്തെ പല ഘടകങ്ങൾ ബാധിക്കാം. 

ഇപിഎഫിൽ ഓരോ ആൾക്കുമായി പ്രത്യേക അക്കൗണ്ടില്ല. പകരം, എല്ലാ വിഹിതവും എത്തിച്ചേരുന്ന പൊതു ഫണ്ടാണ്. അതുകൊണ്ട് മുൻകാല പ്രാബല്യത്തോടെ വിഹിതമടയ്ക്കാമെന്ന ഹൈക്കോടതി നിർദേശം തെറ്റാണ്– ഇപിഎഫ്ഒയ്ക്കു വേണ്ടി ഹാജരായ സി.അര്യമ സുന്ദരം പറഞ്ഞു. ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നു വാദിച്ച കേന്ദ്രസർക്കാർ, പദ്ധതി പ്രതിസന്ധിയിലാകാതിരിക്കാനാണ്  ഇടപെടുന്നതെന്നും ന്യായീകരിച്ചു. എന്നാൽ, അത്ര ഗൗരവമായി പരിഗണിക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഇപിഎഫ്ഒയും സർക്കാരും തമ്മിൽ ആശയവിനിമയം ഉണ്ടായില്ലെന്നു കോടതി ചോദിച്ചു.

വിധി 2 ആഴ്ച കഴിഞ്ഞ്

കേസിന്റെ സങ്കീർണതയും പ്രാധാന്യവും കണക്കിലെടുത്ത് വിധിന്യായം എഴുതാൻ കുറഞ്ഞത് 2 ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. മറ്റു ഹൈക്കോടതി വിധികളും പരിഗണനയിലുണ്ടെങ്കിലും കേരള ഹൈക്കോടതി വിധിക്കെതിരായ ഹർജികളിലെ നിയമ പ്രശ്നങ്ങളിലാണ് സുപ്രീം കോടതി പ്രധാനമായും വിധി പറയുക. ഹർജിക്കാരായ ഇപിഎഫ്ഒയും കേന്ദ്ര സർക്കാരും പിന്നീട് 60 ൽ പരം കക്ഷികളുടെ പ്രധാന അഭിഭാഷകരും വാദം ഉന്നയിച്ചിരുന്നു. 5 ദിവസം ഇരുഭാഗത്തിനും അവസരം നൽകി. ഇന്നലെ പൂർണമായും കേന്ദ്രത്തിനും ഇപിഎഫ്ഒയ്ക്കും നൽകി.

English Summary: No communication with EPFO and Government of India says court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com