ADVERTISEMENT

ന്യൂഡൽഹി / പട്ന ∙ പ്രധാനമന്ത്രിയാകാൻ മോഹമില്ലെന്നും ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യനിര സൃഷ്ടിക്കാനായി പ്രയത്നിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. വരുംദിവസങ്ങളിൽ പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള നീക്കങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ, ഇഡി എന്നീ കേന്ദ്ര ഏജൻസികളെ ഭയമില്ല. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വാഗ്ദാനം ചെയ്ത 10 ലക്ഷം തൊഴിൽ എന്ന വാഗ്ദാനം നിറവേറ്റാൻ ശ്രമിക്കും.

ബിഹാറിലെ മഹാസഖ്യ സർക്കാരിൽ സിപിഎം ചേരില്ലെന്നും പുറത്തു നിന്നു പിന്തുണ നൽകുമെന്നും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഡൽഹിയിൽ പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമോ എന്ന് ഇപ്പോൾ പറയാനാവില്ല. തേജസ്വി യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു യച്ചൂരിയുടെ പ്രതികരണം.

ഇന്നലെ ഡൽഹിയിലെത്തിയ തേജസ്വി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരുമായും ചർച്ച നടത്തി. സോണിയയെ വസതിയിൽ സന്ദർശിച്ച തേജസ്വി, സർക്കാർ രൂപീകരണം സുഗമമാക്കാൻ അവർ നടത്തിയ ഇടപെടലിനു നന്ദി അറിയിച്ചു.

കഴിഞ്ഞ ദിവസം എൻഡിഎ സഖ്യം വിടുന്നതിനു മുൻപ് മുഖ്യമന്ത്രി നിതീഷ് കുമാർ സോണിയ, രാഹുൽ ഗാന്ധി എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു. നിതീഷുമായി കൈകോർക്കാൻ തേജസ്വിയെ പ്രേരിപ്പിക്കുന്നതിൽ ഇരുവരും നിർണായക പങ്കുവഹിച്ചു. സർക്കാരിൽ കോൺഗ്രസ് മന്ത്രിമാരുടെ പ്രാതിനിധ്യം സംബന്ധിച്ചു ചർച്ച നടത്തിയതായാണു സൂചന. ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ സാധിച്ചത് ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ നീക്കങ്ങൾക്ക് ഊർജം പകരുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 

ജെഡിയു കൂടി പടിയിറങ്ങിയതോടെ എൻഡിഎ സഖ്യം ഏറക്കുറെ ഇല്ലാതായെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഒരുവശത്തും പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം മറുവശത്തും അണിനിരക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിയുന്നതെന്നും കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഇതിനിടെ, ജെ‍ഡി–യു വിട്ട് കഴിഞ്ഞവർഷം തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുൻ എംപി പവൻ കെ.വർമ പാർട്ടിയിൽ നിന്ന് രാജിവച്ചു. പ്രതിപക്ഷ നിര കെട്ടിപ്പടുക്കുകയാണ് പ്രധാനമെന്ന് മമത ബാനർജിക്കയച്ച കത്തിൽ അദ്ദേഹം പറഞ്ഞു. 

English Summary: "Not On My Mind": Nitish Kumar Denies Prime Ministerial Ambitions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com