ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ രജൗറി പർഗലിൽ കരസേനാ ക്യാംപിനു നേർക്കുണ്ടായ ചാവേർ ഭീകരാക്രമണം ചെറുത്ത 3 സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ 2 ഭീകരരെ 4 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ വധിച്ചു. പാക്ക് അധീന കശ്മീരിൽനിന്നു നുഴഞ്ഞുകയറിയ ലഷ്കറെ തയിബ ഭീകരരാണു ക്യാംപ് ആക്രമിച്ചത്. ഇന്നലെ പുലർച്ചെ മൂന്നരയോടെ ക്യാംപിലേക്കു കടക്കാൻ ശ്രമിച്ച ഭീകരരെ നേരിടുന്നതിനിടെ രാജസ്ഥാൻ സ്വദേശിയായ സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻമാരായ ഹരിയാന സ്വദേശി മനോജ് കുമാർ, തമിഴ്നാട് സ്വദേശി ഡി. ലക്ഷ്മണൻ എന്നിവരാണു മരണമടഞ്ഞത്. 3 സൈനികർക്കു പരുക്കേറ്റു. ഇതിൽ ഒരാൾ മേജറാണെന്നാണു വിവരം. 

(1) ഭീകരാക്രമണമുണ്ടായ സ്ഥലം (2) രജൗറി പർഗലിൽ കരസേനാ ക്യാംപിനു നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തു നിന്നു ലഭിച്ച ഗ്രനേഡ്.
(1) ഭീകരാക്രമണമുണ്ടായ സ്ഥലം (2) രജൗറി പർഗലിൽ കരസേനാ ക്യാംപിനു നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തു നിന്നു ലഭിച്ച ഗ്രനേഡ്.

ഭീകരർ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുമ്പോഴാണ് കാവൽക്കാർ കണ്ടത്. ഇവർക്കുനേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ സൈനികർക്ക് ചികിത്സ ലഭ്യമാക്കിയെങ്കിലും 3 പേരെ രക്ഷിക്കാനായില്ല. കൂടുതൽ ഭീകരർ ഉണ്ടാകാമെന്ന നിഗമനത്തിൽ രജൗറിയിലുടനീളം സേനയും പൊലീസും തിരച്ചിൽ നടത്തി. നിയന്ത്രണരേഖയോടു ചേർന്നുള്ള നൗഷേരയിൽ പാക്ക് ഡ്രോൺ കണ്ടെത്തി. കഴിഞ്ഞ മാസം അറസ്റ്റിലായ ലഷ്കർ കമാൻഡർ താലിബ് ഹുസൈനുമായി ബന്ധമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. പാക്ക് അധീന കശ്മീരിൽനിന്നു പറന്നെത്തിയ ഡ്രോൺ വഴി ഈയിടെ ഇവർക്ക് ആയുധങ്ങൾ ലഭിച്ചിരുന്നു. 

ജാഗ്രത പാലിച്ചിട്ടും ആക്രമണം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം സുരക്ഷ കർശനമാക്കിയതിനിടയിലാണ് സേനാ ക്യാംപിലെ ആക്രമണം. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന്റെ മൂന്നാം വാർഷിക ദിനമായ ഈ മാസം അഞ്ചിനും സ്വാതന്ത്ര്യദിനത്തിനുമിടയിൽ ഭീകരാക്രമണം നടന്നേക്കാമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുമുൻപ് 2018 ഫെബ്രുവരി പത്തിനാണു ഭീകരർ സേനാ ക്യാംപ് ആക്രമിച്ചത്. ജമ്മുവിലെ സുഞ്ജുവാനിൽ അന്ന് 6 സൈനികർ വീരമൃത്യു വരിച്ചു. 

English Summary: Suicide Attack On Indian Army Camp In Rajouri; 2 Terrorists Killed, 3 Jawans Martyred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com