ധനകാര്യസ്ഥാപനത്തിൽ കത്തിമുനയിൽ കൊള്ള; 20 കോടി തട്ടിയത് ജീവനക്കാരൻ

Mail This Article
ചെന്നൈ ∙ മാനേജരും കൂട്ടാളികളും ചേർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി കൊള്ളയടിച്ചു. ഫെഡ്ബാങ്കിന്റെ ചെന്നൈ അറുമ്പാക്കം ശാഖയിൽ കവർച്ച നടത്തിയത് കസ്റ്റമർ ഡവലപ്‌മെന്റ് മാനേജർ പാടി മുരുകന്റെ നേതൃത്വത്തിലാണെന്നു പൊലീസ് അറിയിച്ചു. കടന്നുകളഞ്ഞ സംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി.
ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് നാടകീയ സംഭവങ്ങൾ. മുരുകനും 2 സുഹൃത്തുക്കളും 2 ബൈക്കുകളിലാണ് എത്തിയത്. മുരുകൻ ശാഖയിൽ കയറി പരിചയക്കാരായ കാവൽക്കാർക്ക് ഉറക്കമരുന്ന് കലർത്തിയ പാനീയം കുടിക്കാൻ നൽകി.സുരക്ഷാ ഉദ്യോഗസ്ഥർ ബോധരഹിതരായതോടെ സുഹൃത്തുക്കൾക്കൊപ്പം മുഖംമൂടിയണിഞ്ഞ് അകത്തെത്തി ജീവനക്കാരെ കത്തിമുനയിൽ നിർത്തി ലോക്കർ തുറന്ന് പണവും ആഭരണവും കവർന്നു.
സംഘം മടങ്ങാനൊരുങ്ങിയപ്പോൾ തടഞ്ഞവരെ കത്തികാട്ടി ലോക്കർ മുറിയിൽ പൂട്ടിയിട്ടെന്നും പൊലീസ് പറഞ്ഞു. മുരുകൻ ജ്യൂസ് നൽകിയ വിവരം കാവൽക്കാർ പറഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പ്രമുഖ ബാങ്കിന്റെ പണയ–വായ്പാ ഉപസ്ഥാനമാണ് ഫെഡ്ബാങ്ക്.
English Summary: Chennai: Armed Robbers Barge Into FedBank, Loot Gold, Valuables Worth Crores