ADVERTISEMENT

ന്യൂ‍ഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കാനില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി തന്നെ പദവിയിൽ തുടരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാകുന്നു. നിലവിലെ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ളയാൾ തന്നെ പദവി വഹിക്കണമെന്നാണു ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷാഭിപ്രായം. പ്രസിഡന്റാകാനില്ലെന്നു പ്രിയങ്ക ഗാന്ധി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന സോണിയ സജീവ രാഷ്ട്രീയത്തോടു വിട പറഞ്ഞു വിശ്രമ ജീവിതത്തിലേക്കു കടക്കാൻ ഏറെ നാളായി ആഗ്രഹിക്കുകയാണ്. രാഹുൽ തയാറല്ലെങ്കിൽ 2024 ലോക്സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും സോണിയ തുടരണമെന്നാണു നേതാക്കളുടെ നിലപാട്. ഇതിനായി അവർക്കു മേൽ പാർട്ടി ഒറ്റക്കെട്ടായി സമ്മർദം ചെലുത്തുമെന്നാണു സൂചന. സോണിയ സമ്മതം മൂളിയാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പു ചടങ്ങ് മാത്രമാകും; സമവായത്തിലൂടെ അവർ പ്രസിഡന്റാകും. സോണിയയെ സഹായിക്കാൻ ഏതാനും വർക്കിങ് പ്രസിഡന്റുമാരെയോ വൈസ് പ്രസിഡന്റുമാരെയോ നിയമിക്കാമെന്ന അഭിപ്രായവുമുയർന്നിട്ടുണ്ട്. 

2019 ൽ ജൂലൈയിൽ പടിയിറങ്ങവേ ഇനി പ്രസിഡന്റാകാൻ താനില്ലെന്നു വ്യക്തമാക്കിയ രാഹുൽ, ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ളയാൾ ആ പദവിയിൽ വരട്ടെയെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാൻ ഗാന്ധി കുടുംബത്തിനു പുറത്ത് ആളില്ലെന്നാണു നേതാക്കളുടെ വിലയിരുത്തൽ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, കമൽനാഥ്, മുകുൾ വാസ്നിക് എന്നിവരുടെ പേരുകൾ പകരക്കാരുടെ നിരയിലേക്ക് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും രാജ്യത്തുടനീളം പ്രഭാവമുള്ളവരല്ല ഇവരെന്നു പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മുൻപു നിശ്ചയിച്ച സമയക്രമം പ്രകാരം സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടികൾ ഈ മാസം 20ന് ആരംഭിക്കും. 

English Summary: Congress leaders demand Sonia Gandhi to continue as party president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com