ADVERTISEMENT

ചെന്നൈ ∙ അണ്ണാഡിഎംകെയിൽ നിന്ന് ഒ.പനീർസെൽവത്തെ പുറത്താക്കിയതും എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയാക്കിയതും മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തീരുമാനങ്ങൾക്കു ഭരണഘടനാപരമായ സാധുതയില്ലെന്നു വിലയിരുത്തിയ കോടതി, നേരത്തേതുപോലെ കോഓർഡിനേറ്റർ, ജോയിന്റ് കോഓർഡിനേറ്റർ എന്ന രീതിയിൽ പാർട്ടിയുടെ ഭരണനേതൃത്വം തൽക്കാലത്തേക്കു തുടരാൻ നിർദേശിച്ചു.

പുതുതായി ജനറൽ കൗൺസിൽ യോഗം നടത്തിയ ശേഷം നേതൃതലത്തിലെ മാറ്റങ്ങൾ തീരുമാനിക്കാമെന്നും ജസ്റ്റിസ് ജി.ജയചന്ദ്രന്റെ ഉത്തരവിലുണ്ട്. ഇതോടെ, പനീർസെൽവം വീണ്ടും കോഓർഡിനേറ്ററും എടപ്പാടി ജോ.കോഓർഡിനേറ്ററും ആകും. വിധി പുറത്തുവന്നതോടെ പനീർസെൽവം പക്ഷം വൻ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചു. ഇറക്കിവിട്ട പാർട്ടി ആസ്ഥാനത്തേക്കു തിരികെച്ചെല്ലുമെന്നാണ് പ്രഖ്യാപനം. 

അതേസമയം, പാർട്ടി സംബന്ധിച്ച അന്തിമ തീരുമാനം ജനറൽ കൗൺസിലിന്റേതാണെന്നും നിയമവഴിയിലൂടെതന്നെ അതു സ്ഥാപിച്ചെടുക്കുമെന്നും എടപ്പാടി പക്ഷം പ്രതികരിച്ചു. ഇരട്ടനേതൃത്വത്തിൽ നിന്ന് ജയലളിതയുടെ കാലത്തെന്നതു പോലെ ഒറ്റനേതൃത്വത്തിലേക്കു പാർട്ടിയെ മാറ്റാനാണ് എടപ്പാടിപക്ഷം ചരടുവലിച്ചത്. പാർട്ടിയിൽ ഭൂരിഭാഗവും എടപ്പാടിക്കൊപ്പമാണ്.

English Summary: A Huge Court Setback For E Palaniswami In AIADMK Power Tussle 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com