ADVERTISEMENT

ന്യൂഡൽഹി ∙ സോണിയ ഗാന്ധി ഏൽപിച്ച ചുമതല ഏറ്റെടുക്കാതെ വിമത ജി 23 സംഘത്തിലെ പ്രധാനി ഗുലാം നബി ആസാദ് പാർട്ടിയെ വെല്ലുവിളിച്ചു. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചതിനു തൊട്ടുപിന്നാലെ ആസാദ് രാജിവച്ചത് പാർട്ടിയെ ഞെട്ടിച്ചു. ആരോഗ്യ കാരണങ്ങളാൽ പദവി ഏറ്റെടുക്കുന്നില്ലെന്നാണ് പുറമേ പറയുന്നതെങ്കിലും പാർട്ടിയിലെ തന്റെ അനുഭവസമ്പത്ത് കണക്കിലെടുക്കുമ്പോൾ പ്രചാരണ സമിതി അധ്യക്ഷനെന്നത് താഴ്ന്ന പദവിയാണെന്ന ചിന്തയാണ് അദ്ദേഹത്തെ രാജിക്കു പ്രേരിപ്പിച്ചതെന്നാണു സൂചന.

ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ആസാദ് രാജിവച്ചു. ഇതിനു പിന്നാലെ സംസ്ഥാന നേതാക്കളായ അബ്ദുൾ റഷീദ്, മുഹമ്മദ് അമീൻ ഭട്ട് എന്നിവർ ഏകോപന സമിതിയിൽനിന്നും ഗുൽസർ അഹമ്മദ് വാനി തിരഞ്ഞെടുപ്പ് സമിതിയിൽനിന്നും രാജിവച്ചു.

നിയമിക്കുന്നതിനു മുൻപ് നേതൃത്വം തന്നോട് ആലോചിച്ചില്ലെന്ന പരിഭവവും ആസാദിനുണ്ട്. എന്നാൽ, ആസാദിനോട് 4 തവണ ചർച്ച നടത്തിയെന്നും ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം 14ന് കൂടിക്കാഴ്ച നടത്തിയെന്നുമാണ് നേതൃത്വത്തിന്റെ വാദം. ജമ്മു കശ്മീർ പിസിസി പ്രസിഡന്റായി നിയമിതനായ വികാർ റസൂൽ വാനി ആസാദിന്റെ അനുയായിയാണ്. ആസാദ് നൽകിയ പട്ടികയിൽനിന്നാണ് പിസിസി ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്ത് 2020 ൽ രംഗത്തുവന്ന ജി 23 സംഘത്തെ നയിച്ച ആസാദ് പിന്നീട് സോണിയയുടെ ഇടപെടലിൽ അനുരഞ്ജനത്തിനു തയാറായിരുന്നു. കഴിഞ്ഞ വർഷം രാജ്യസഭയിലേക്കു വീണ്ടും ടിക്കറ്റ് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും നൽകിയില്ല. ഇതിൽ അതൃപ്തനായിരുന്ന ആസാദിനെ അനുനയിപ്പിക്കാൻ കൂടിയാണ് ജമ്മു കശ്മീരിൽ പദവി നൽകിയത്. 

രാജസ്ഥാനിലെ പോര്; ഹൈക്കമാൻഡിന് അതൃപ്തി

ഇടവേളയ്ക്കു ശേഷം രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ വീണ്ടും പോര്.  മേൽജാതിക്കാരുടെ കുടിവെള്ള പാത്രത്തിൽ തൊട്ടതിന്റെ പേരിൽ അധ്യാപകൻ മർദിച്ച ദലിത് ബാലൻ മരിച്ചതിനെച്ചൊല്ലിയാണ് കോൺഗ്രസിലെ ഇരുപക്ഷങ്ങൾ കൊമ്പുകോർക്കുന്നത്. ഇന്ദ്രകുമാറിന്റെ വീട് സന്ദർശിച്ച സച്ചിൻ, ദലിതർക്കു നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ടു. 

ആക്രമണത്തിൽ പ്രതിഷേധിച്ച് പാർട്ടി നേതാവ് പാണചന്ദ് മേഘ്‍വാൾ എംഎൽഎ സ്ഥാനം രാജിവച്ചു. 12 പാർട്ടി കൗൺസിലർമാരും രാജിവച്ചു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പ്രമുഖ നേതാക്കൾ തമ്മിൽ പോര് മുറുകുന്നതിൽ ഹൈക്കമാൻഡ് അതൃപ്തിയിലാണ്.

English Summary: Congress shocked by Ghulam Nabi Azad's decision not to take charge as congress campaign committee chairman in kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com