ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപിയുടെ പാർലമെന്ററി ബോർഡിൽ നിന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ എന്നിവരെ ഒഴിവാക്കി. ബോർഡിൽ നിന്നു പുറത്തായതോടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയിൽ നിന്നും ഇരുവരും ഒഴിവാക്കപ്പെട്ടു.

പുനഃസംഘടിപ്പിച്ച ഇരു സമിതികളിലും കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ, അസം മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ സർബനന്ദ സോനോവാൾ, ദേശീയ നേതാക്കളായ സുധ യാദവ്, സത്യനാരായൺ ജടിയ, ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഇക്ബാൽ സിങ് ലാൽപുര, ഒബിസി മോർച്ച പ്രസിഡന്റ് കെ.ലക്ഷ്മൺ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. 

മുൻ കേന്ദ്രമന്ത്രിമാരായിരുന്ന ജുവൽ ഓറം, ഷാനവാസ് ഹുസൈൻ എന്നിവരെയും കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയിൽ നിന്ന് ഒഴിവാക്കി. ഇതേസമയം, മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ട ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് എന്നിവർ സമിതിയിലെത്തി. 

മുഖ്യമന്ത്രിമാർ, സംസ്ഥാന അധ്യക്ഷന്മാർ തുടങ്ങിയ സുപ്രധാന നിയമനങ്ങൾ തീരുമാനിക്കുന്ന ബിജെപിയുടെ ഏറ്റവും ഉയർന്ന സമിതിയാണു പാർലമെന്ററി ബോർഡ്. ചൗഹാൻ പുറത്തായതോടെ സമിതിയിൽ മുഖ്യമന്ത്രിമാർ ആരുമില്ല. യെഡിയൂരപ്പയും ജടിയയും 75 വയസ്സ് എന്ന പരിധി കഴിഞ്ഞവരാണ്. 

ആർഎസ്എസിനോട് അടുപ്പമുള്ള നിതിൻ ഗഡ്കരിയെയും ചൗഹാനെയും പോലെയുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് ബോർഡിൽ ദക്ഷിണേന്ത്യയിൽ നിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യമുറപ്പാക്കാനാണെന്നാണു വിശദീകരണം. 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി പീയൂഷ് ഗോയലും പാർലമെന്ററി ബോർഡിലുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2020 ൽ ജെ.പി.നഡ്ഡ പ്രസിഡന്റായ ശേഷം പാർലമെന്ററി ബോർഡ് പുനഃസംഘടന ഇതാദ്യമാണ്. 

പുതുക്കിയ പാർലമെന്ററി ബോർഡ്: ജെ.പി.നഡ്ഡ(അധ്യക്ഷൻ), നരേന്ദ്രമോദി, രാജ്നാഥ് സിങ്, അമിത് ഷാ, ബി.എസ്.യെഡിയൂരപ്പ, സർബനന്ദ സോനോവാൾ, കെ.ലക്ഷ്മൺ, ഇക്ബാൽ സിങ് ലാൽപുര, സുധാ യാദവ്, സത്യനാരായൺ ജടിയ, ബി.എൽ.സന്തോഷ് (സംഘടനാ ജനറൽ സെക്രട്ടറി). 

തിരഞ്ഞെടുപ്പു സമിതി: ജെ.പി.നഡ്ഡ (അധ്യക്ഷൻ), നരേന്ദ്രമോദി, രാജ്നാഥ് സിങ്, അമിത് ഷാ, ബി.എസ്.യെഡിയൂരപ്പ, സർബനന്ദ സോനോവാൾ, കെ.ലക്ഷ്മൺ, ഇക്ബാൽ സിങ് ലാൽപുര, സുധ യാദവ്, സത്യനാരായൺ ജടിയ, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്നാവിസ്, ഓം മാഥുർ, ബി.എൽ.സന്തോഷ് (സംഘടനാ ജനറൽ സെക്രട്ടറി), വനതി ശ്രീനിവാസൻ (എക്സ് ഒഫീഷ്യോ).

English Summary: BJP Top Body: BS Yediyurappa In, Nitin Gadkari Out, No Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com