ADVERTISEMENT

ന്യൂഡൽഹി ∙ രോഹിൻഗ്യൻ അഭയാർഥികൾക്കു താമസസൗകര്യം ഒരുക്കുന്നതു സംബന്ധിച്ച് കേന്ദ്ര മന്ത്രാലയങ്ങൾക്കിടയിൽ ഭിന്നത. അഭയാർഥികൾക്കു താമസിക്കാൻ ഡൽഹിയിലെ ബക്കർവാലയിൽ ഫ്ലാറ്റുകൾ നൽകുമെന്ന കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രസ്താവന ആഭ്യന്തര മന്ത്രാലയം തള്ളി. 

അനധികൃത കുടിയേറ്റക്കാരെ തടങ്കൽ കേന്ദ്രങ്ങളിൽ തന്നെ പാർപ്പിക്കുമെന്നും ഫ്ലാറ്റുകൾ നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഫ്ലാറ്റുകളിലേക്കു മാറ്റുന്നതിനു പുറമേ, അഭയാർഥികൾക്ക് ഐക്യരാഷ്ട്ര സംഘടനയുടെ തിരിച്ചറിയൽ കാർഡ് നൽകുമെന്നും ഡൽഹി പൊലീസിന്റെ സുരക്ഷയൊരുക്കുമെന്നും പുരി അറിയിച്ചെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനും ആഭ്യന്തര മന്ത്രാലയം തയാറായില്ല. 

അഭയാർഥികളെ മറ്റൊരു സ്ഥലത്തേക്കു മാറ്റിപ്പാർപ്പിക്കണമെന്നു ഡൽഹി സർക്കാർ ശുപാർശ ചെയ്തെങ്കിലും അവർ നിലവിലുള്ള സ്ഥലത്തുതന്നെ തുടരട്ടെയെന്നു നിർദേശിച്ചതായി മന്ത്രാലയം വ്യക്തമാക്കി. നിലവിൽ, അഭയാർഥികൾ കഴിയുന്ന സ്ഥലം തടങ്കൽ കേന്ദ്രമായി പ്രഖ്യാപിക്കാൻ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് അഭയാർഥികളെ സ്വന്തം രാജ്യത്തേക്ക് അയയ്ക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

English Summary: No direction given to provide flats to Rohingyas in Delhi, clarifies MHA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com